കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുനിന്നും കാണാതായ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി പാറവയൽ സ്വദേശി വിശ്വനാഥനെ ഇന്ന് രാവിലെ 11നാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്‌തത്.
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് വിശ്വനാഥൻ ഫെബ്രുവരി ഒന്‍പതിനാണ് മെഡിക്കൽ കോളജ് മാതൃശിശു വിഭാഗത്തിൽ എത്തിയത്. ആശുപത്രിക്ക് പുറത്ത് ഇരിക്കുകയായിരുന്ന വിശ്വനാഥനെ മോഷണക്കുറ്റം ചുമത്തി സെക്യൂരിറ്റി ജീവനക്കാർ അടക്കം ചോദ്യം ചെയ്‌തിരുന്നു. ഇതിൻ്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്‌തതെന്നാണ് പൊലീസ് നിഗമനം.
'എങ്ങനെ മരിച്ചുവെന്ന് അറിയണം': 'വർഷങ്ങൾ കാത്തിരുന്ന് കുഞ്ഞിനെ കിട്ടിയതിന്‍റെ സന്തോഷത്തിലായിരുന്നു വിശ്വനാഥൻ. ആശുപത്രിയിലെ സുരക്ഷാജീവനക്കാർ, മോഷണക്കുറ്റം ആരോപിച്ചു. പണവും മൊബൈൽ ഫോണും അടക്കം മോഷ്‌ടിച്ചുവെന്ന് പറഞ്ഞ് ചോദ്യം ചെയ്‌തു. താന്‍ നിരപരാധിയാണെന്ന് ഇവരോട് പറഞ്ഞിരുന്നു. എന്നാല്‍, ഇവര്‍ ഇത് ചെവിക്കൊള്ളാത്തതിനെ തുടര്‍ന്ന് ദേഷ്യവും സങ്കടവും വന്ന വിശ്വനാഥന്‍ ആശുപത്രിയിൽ നിന്ന് ഓടിപ്പോവുകയായിരുന്നു'- വിശ്വനാഥന്‍റെ ഭാര്യയുടെ മാതാവ് ലീല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ആശുപത്രിക്ക് മുന്‍പിലെ കുഴിയിലേക്ക് എടുത്തുചാടിയെന്ന് ആളുകൾ പറയുന്നത് കേട്ടു. എന്നാല്‍, എങ്ങനെ മരിച്ചുവെന്ന് തങ്ങള്‍ക്ക് അറിയണമെന്ന് ലീല നല്‍കിയ പരാതിയിൽ ആവശ്യപ്പെട്ടു. പൊലീസും ബന്ധുക്കളും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യാമാതാവ് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ കൂടുതൽ പേരെത്തി ആശുപത്രിക്ക് മുന്‍പില്‍ ബഹളംവച്ചു. വിശ്വനാഥന്‍റെ ഭാര്യ ഇപ്പോഴും മാതൃശിശു സംരക്ഷണ വിഭാഗത്തിൽ പ്രസവാനന്തര ചികിത്സയിലാണ്.
ശ്രദ്ധിക്കൂ: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടാന്‍ വിളിക്കാം. ഹെല്‍പ് ലൈന്‍ നമ്പര്‍: 9152987821.