കോഴിക്കോട്: നാലര വയസുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 30 വർഷത്തിന് ശേഷം പിടിയിൽ. കേസിലെ രണ്ടാം പ്രതിയായ ബീന എന്ന ഹസീനയെയാണ് കളമശ്ശേരിയില്‍ വെച്ച് കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 1991ൽ കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കൊലപാതകം. വളർത്താന്‍ വാങ്ങിയ നാലര വയസുള്ള പെൺകുട്ടിയെ കോഴിക്കോട് ഓയിറ്റി റോഡിലെ സെലക്‌ട് ലോഡ്‌ജില്‍ വെച്ച് പ്രതിയും കാമുകനും ചേർന്ന് ശാരീരികമായി പീഡിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെ കുട്ടി മരിച്ചു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടിയുടെ മരണം കൊലപാതകം ആണെന്ന് കണ്ടെത്തി പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ ഒളിവില്‍ പോയി. എന്നാല്‍ ബീന എന്ന ഹസീന മൂന്നാര്‍ ഭാഗത്ത് താമസമുണ്ടെന്നും, ഒരു ബന്ധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കളമശ്ശേരിയില്‍ എത്തുമെന്നും രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നീക്കം.