കോഴിക്കോട്: മുക്കം-കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം പാലത്തിന് സമീപം റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ. ഇതുവഴിയുള്ള കാല്‍നടയാത്രയും വാഹനയാത്രയും ദുഷ്‌കരമായിരിക്കുകയാണ്. തുലാവർഷം ശക്തിപ്രാപിച്ചതോടെ റോഡിൽ രൂപപ്പെട്ട കുഴികളിൽ വെള്ളം നിറഞ്ഞു. ഇതോടെ അപകടവും തുടർക്കഥയാവുകയാണ്.
വലിയ വാഹനങ്ങൾ കടന്ന് പോകുമ്പോൾ ഈ കുഴികളിലെ ചെളിവെള്ളം കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നതും പതിവാണ്. റോഡിന് വീതി കുറവായതിനാൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. മുക്കം കോ-ഓപ്പറേറ്റീവ് കോളജ്, ഐഎച്ച്ആർഡി കോളജ് തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികൾ കടന്നുപോകുന്ന റോഡിന്‍റെ ശോചനീയാവസ്ഥക്ക് എത്രയും വേഗം പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.