കോഴിക്കോട്: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ആവിക്കൽ തോടിലും കോതിയിലും നടപ്പാക്കുന്ന മാലിന്യ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കോഴിക്കോട് കോർപറേഷൻ മേയർ ഡോ ബീന ഫിലിപ്പ്. പദ്ധതി കോഴിക്കോട് കോർപ്പറേഷൻ ഉപേക്ഷിക്കുന്നു എന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്ത വസ്‌തുതാവിരുദ്ധവും വളച്ചൊടിക്കപ്പെട്ടതുമാണെന്നും മേയർ പറഞ്ഞു. കോർപ്പറേഷൻ ഇരുപാതികളുമായും മുന്നോട്ട് പോവുകയാണ്.
2023 മാർച്ച് 31നാണ് പദ്ധതി അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ അമൃത് ഒന്നിൽ ഉൾപ്പെടുത്തിയിരുന്ന പ്രസ്‌തുത പദ്ധതി കോടതി വ്യവഹാരങ്ങളും പ്രാദേശികമായ അനാവശ്യ എതിർപ്പുകളും കാരണം മാർച്ച് 31 ന് പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണുള്ളത്. ആയതിനാൽ വിഷയത്തിലുള്ള ആശങ്ക ബഹുമാനപ്പെട്ട ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സ്റ്റേറ്റ് ഹൈ പവർ സ്റ്റിയറിങ് കമ്മറ്റിയേയും അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സ്റ്റേറ്റ് ലെവൽ ടെക്‌നിക്കൽ കമ്മറ്റിയേയും കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.
മാർച്ച് 31ന് പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആവിക്കൽ തോട്, കോതി പദ്ധതി അമൃത് രണ്ടിലേക്ക് മാറ്റുന്നതിന് അമൃത് കോർ കമ്മറ്റി അംഗീകാരം ആവശ്യമാണ്. ഈ അംഗീകാരം ലഭ്യമാക്കുന്നതിന് വേണ്ടി പദ്ധതിയുടെ രൂപരേഖ സർക്കാർ കൗൺസിൽ മുമ്പാകെ സമർപ്പിച്ചിരിക്കയാണ്.
ആവിക്കൽ തോട്, കോതി പദ്ധതികൾക്കെതിരായി ഹൈക്കോടതിയിൽ നിലവിലുള്ള വ്യവഹാരങ്ങളിൽ കോഴിക്കോട് കോർപ്പറേഷൻ അപ്പീൽ നൽകിയിട്ടുണ്ട്. നിലവിൽ അപ്പീലുകളിൽ കോടതി നടപടികൾ നടന്നുകൊണ്ടിരിക്കുകയുമാണ്. അമൃത് ഒന്നിൽ ഉൾപ്പെടുത്തി മെഡിക്കൽ കോളേജിൽ മാലിന്യ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിന്‍റെ പ്രവൃത്തി 50 ശതമാനം പൂർത്തിയായിക്കഴിഞ്ഞു.
അമൃത് ഒന്നിൽ നിന്ന് കോതി, ആവിക്കൽ തോട് പദ്ധതി അമൃത് രണ്ടിലേക്ക് മാറ്റുന്നു എന്ന വസ്‌തുതയാണ് വളച്ചൊടിച്ച് പദ്ധതി ഉപേക്ഷിക്കുന്നു എന്ന തരത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കോഴിക്കോട് നഗരത്തിലെ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലുള്ള ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ പിൻമാറണമെന്നും മേയർ പറഞ്ഞു.