കോട്ടയം : മോൻസണ്‍ മാവുങ്കലിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന സാമ്പത്തിക തട്ടിപ്പുകള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് യുവമോര്‍ച്ച. അനിത പുല്ലയിലും സാമ്പത്തിക തട്ടിപ്പില്‍ പങ്കാളിയാണെന്ന് യുവമോര്‍ച്ച കോട്ടയത്ത് ആരോപിച്ചു.
മോൻസണ്‍ തട്ടിപ്പുനടത്തി സമ്പാദിച്ച പണം എവിടെ പോയെന്നും ആരൊക്കെ ഇതിന്‍റെ പങ്കുപറ്റിയെന്നും അന്വേഷിക്കണം. പൊലീസ് അന്വേഷിച്ചാല്‍ ഫലപ്രദമാവില്ല. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രഭുല്‍ കൃഷ്‌ണൻ ആവശ്യപ്പെട്ടു.
ALSO READ: മോൻസണിന്‍റെ പുരാവസ്തുക്കളുടെ സത്യമെന്ത്? നേരറിയാൻ പുരാവസ്തു വകുപ്പും
തന്‍റെ ഭരണത്തില്‍ അവതാരങ്ങളെ അടക്കി നിര്‍ത്തുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്തും ഭരണം നിയന്ത്രിക്കുന്നത് അവതാരങ്ങളാണ്.
സമീപകാല സംഭവങ്ങള്‍ പൊലീസിന്‍റെ വിശ്വാസ്യത പൂര്‍ണമായും നഷ്‌ടപ്പെടുത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ ഒരാള്‍ക്ക് ബഹുമതി നല്‍ക്കുമ്പോള്‍ പശ്ചാത്തലം സംബന്ധിച്ച് ഇന്‍റലിജന്‍സ് അന്വേഷണം പോലും നടക്കുന്നില്ല.
ബെഹ്‌റയുമായുള്ള മോൻസണ്‍ മാവുങ്കലിന്‍റെ ഇടപാടുകളും അനിത പുല്ലയിലിന് മുഖ്യമന്ത്രി അടക്കമുള്ള ആളുകളുമായുള്ള ബന്ധവും അന്വേഷിക്കണം.
അന്താരാഷ്ട്ര ഹവാല സംഘങ്ങളുമായി അനിത പുല്ലയിലിനുള്ള പങ്കും പരിശോധിക്കണം. പല തവണ സന്ദര്‍ശിക്കാന്‍ എന്ത് ബന്ധമാണ് കെ.സുധാകരന് മോൻസണുമായുള്ളതെന്നും പ്രഭുല്‍ ചോദിച്ചു.