കോട്ടയം : കൂട്ടുകാരുമൊത്ത് റെയിൽവേ ട്രാക്കിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.(Youth Died By Hitting Train In Kottayam) കോട്ടയം മഞ്ഞൂർ ഇരവിമംഗലം ലക്ഷം വീട് കോളനി കാരുവേലി പറമ്പിൽ അഭിജിത്ത് (28) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകിട്ട് 7മണിയോടെ കുറുപ്പന്തറയ്ക്കും കടുത്തുരുത്തിയ്ക്കും ഇടയിലുള്ള മള്ളിയൂർ റോഡിലെ ഓവർ ബ്രിഡ്‌ജിന് സമീപമായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് ഇരവിമംഗലത്ത് നിന്ന് ട്രാക്കിലൂടെ കുറുപ്പന്തറ ഭാഗത്തേക്ക് നടന്നുപോകുന്നതിനിടയിൽ അഭിജിത്തിനെ ട്രെയിൻ തട്ടുകയായിരുന്നു.
ട്രെയിൻ വരുന്നത് കണ്ടപ്പോൾ സുഹൃത്തുക്കൾ ഓടി മാറിയെങ്കിലും അഭിജിത്തിന് അതിന് കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. കോട്ടയത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോയ കൊച്ചുവേളി-ശ്രീ ഗംഗ നഗർ എക്സ്പ്രസ് ട്രെയിൻ ആണ് ഇടിച്ചത്. സുഹൃത്തുക്കളായ അഖിൽ , തോമസ് എന്നിവരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
അഭിജിത്തിനെ കടുത്തുരുത്തി പൊലീസും, ഫയർ ഫോഴ്‌സും ചേർന്ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അശ്വതി. മകൻ: അഭിലാഷ്. അച്ഛൻ : ബേബി. അമ്മ: മിനി. സഹോദരി: അഞ്ജു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഭിജിത്തിന്‍റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.
റോഡ് റോളർ ഇടിച്ച് മരണം : കൊല്ലത്ത് റോഡ് റോളര്‍ കയറിയിറങ്ങി ഒരാൾ മരിച്ചു (Man Died In Road Roller Accident Kollam). അലയമൺ സ്വദേശി വിനോദിനാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച ദാരുണാന്ത്യം സംഭവിച്ചത്. റോഡ് റോളറിന്‍റെ വീൽ ഇയാളുടെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഇയാൾ വാഹനത്തിന് സമീപത്ത് കിടക്കുന്നത് അറിയാതെ ഡ്രൈവർ റോഡ് റോളർ മുന്നോട്ടെടുക്കുകയായിരുന്നു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പത്തനംതിട്ട കുരമ്പാലയിൽ കെഎസ്‌ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ച സംഭവം സെപ്റ്റംബർ 13നാണ് ഉണ്ടായത്. വാനിൽ ഉണ്ടായിരുന്ന ആലുവ ഇടത്തല സ്വദേശികളായ ശ്യാം മാത്യു, ജോൺസൺ മാത്യു എന്നിവരാണ് മരിച്ചത്. എംസി റോഡിൽ പന്തളം കുരമ്പാല ഇടയാടി ജങ്‌ഷന് സമീപത്തുവച്ചായിരുന്നു അപകടം (KSRTC Bus-Van Collide In Pathanamthitta). ബസിലുണ്ടായിരുന്ന 25 ഓളം പേർക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു.