കോട്ടയം: ഈരാറ്റുപേട്ടയില്‍ ഐ ഗ്രൂപ്പ് രഹസ്യ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ജോസഫ് വാഴക്കനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. പി.സി ജോർജിന്‍റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചക്കാണ് ജോസഫ് വാഴക്കന്‍ എത്തിയതെന്നാണ് യൂത്ത് കോൺഗ്രസ് ഉന്നയിക്കുന്ന ആക്ഷേപം.
ഈരാറ്റുപേട്ട മണ്ഡലത്തിലെ നേതൃമാറ്റത്തെ സംബന്ധിച്ച് എ, ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് ജോസഫ് വാഴക്കൻ ഗ്രൂപ്പ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. ഗ്രൂപ്പ് യോഗം ചേർന്ന് പി.സി ജോർജിന്‍റെ മുന്നണി പ്രവേശനത്തിൽ പ്രാദേശിക പിന്തുണ നേടുകയായിരുന്നു എന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രധാന ആരോപണം. യോഗത്തിന് ശേഷം മടങ്ങിയ ജോസഫ് വാഴക്കനെ വഴിയിൽ തടഞ്ഞതോടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമായി.
അതേസമയം, മണ്ഡലം പ്രസിഡന്‍റുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനാണ് യോഗം ചേർന്നതെന്ന് ഡിസിസി മെമ്പറും യോഗ അധ്യക്ഷനുമായിരുന്ന പി.എച്ച് നൗഷാദ് പറഞ്ഞു.