കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നട്ടാശ്ശേരി ഇറഞ്ഞാൽ പള്ളിയമ്പിൽ ബാലകൃഷ്‌ണ കുറുപ്പിന്‍റെ മകൻ അജയ് ബി.കൃഷ്‌ണനാണ് (25) മരിച്ചത്. ചൊവ്വാഴ്‌ച വൈകുന്നേരം 6.15 ഓടെ ഇറഞ്ഞാൽ പാറമ്പുഴ വനം ഡിപ്പോയ്ക്ക് സമീപമുള്ള പാലയ്ക്കാട്ടു കടവിലാണ് അപകടമുണ്ടായത്.
സുഹൃത്തിനൊപ്പം നീന്തുന്നതിനിടെ അജയ് ആറിൻ്റെ നടുഭാഗത്തായുള്ള ബണ്ടിന് സമീപത്തായി എത്തിയെങ്കിലും ഒഴുക്കിൽ പെടുകയായിരുന്നു. സുഹൃത്ത് വലിച്ചുയർത്താൻ പരിശ്രമിച്ചെങ്കിലും കൈ വഴുതി ആഴത്തിലേക്ക് മുങ്ങി. തുടർന്ന് കോട്ടയത്ത് നിന്നും അഗ്നിശമന സേനയെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുമാരനല്ലൂർ ദേവീ ക്ഷേത്രം ജീവനക്കാരനാണ് അജയിന്‍റെ പിതാവ് ബാലകൃഷ്‌ണ കുറുപ്പ്. റബർ ബോർഡ് ഉദ്യോഗസ്ഥയായ ലതയാണ് മാതാവ്. അരുൺ ബി.കൃഷ്‌ണൻ സഹോദരനാണ്.
Also Read: യുവതിയുടെ വിവാഹ ദിവസം സഹോദരന്‍ അടക്കം 5 പേര്‍ പുഴയില്‍ മുങ്ങി മരിച്ചു ; 4 പേരെ രക്ഷപ്പെടുത്തി
വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു: അടുത്തിടെ പാലക്കാട് ജില്ലയിലെ പട്ടാമ്പി വളളൂരിൽ കുളത്തിലേക്ക് ഇറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചിരുന്നു. വളളൂരിൽ വാടകയ്‌ക്ക് താമസിക്കുന്ന കൊടല്ലൂർ മാങ്കൊട്ടിൽ സുബീഷിന്‍റെ മകൻ അശ്വിൻ (12), മലപ്പുറം പേരശന്നൂർ സ്വദേശി സുനിൽകുമാറിന്‍റെ മകൻ അഭിജിത്ത് (13) എന്നിവരാണ് മുങ്ങിമരിച്ചത്. ക്വാട്ടേഴ്‌സിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു മരിച്ച അശ്വിന്‍റെ കുടുംബം. ഇതേ കെട്ടിടത്തിലാണ് അഭിജിത്തും കുടുംബവും താമസിച്ചിരുന്നത്.
മരണം സംഭവിച്ച കുളത്തിൽ കുട്ടികൾ പതിവായി ഇറങ്ങാറുള്ളതാണ്. സംഭവദിവസവും ഇരുവരും പതിവു പോലെ സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയതായിരുന്നു. എന്നാൽ സുഹൃത്തുക്കൾ കുളിക്കഴിഞ്ഞ് തിരിച്ചുകയറിയ സമയത്ത് അശ്വിനും അഭിജിത്തും കുളത്തിലെ ചെളിയിൽ കുടുങ്ങുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ കുട്ടികൾ പരമാവധി ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. പിന്നീട് സമീപവാസികളെത്തി കുട്ടികളെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് കുട്ടികൾ മരിച്ചിരുന്നു. അതേസമയം ഈ കുളത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവമുണ്ടാകുന്നത്.
ഈ സംഭവത്തിന് മുമ്പുള്ള ദിവസം എറണാകുളത്ത് തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചിരുന്നു. ബന്ധുവീട്ടിലെത്തിയ കുട്ടികൾ വീട്ടുകാർ അറിയാതെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. തുടര്‍ന്ന് നീണ്ട നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.
ഇവരില്‍ പല്ലംതുരുത്ത് മരോട്ടിക്കൽ ബിജുവിന്‍റെയും കവിതയുടെയും മകൾ ശ്രീവേദയുടെ (10) മൃതദേഹം സംഭവദിവസം വൈകുന്നേരത്തോടെ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ കവിതയുടെ സഹോദരപുത്രൻ മന്നത്തെ തളിയിലപാടം വീട്ടിൽ വിനു-നിത ദമ്പതികളുടെ മകൻ അഭിനവിന്‍റെ (13) മൃതദേഹം അന്ന് രാത്രിയോടെയാണ് കണ്ടെത്തിയത്. മാത്രമല്ല കവിതയുടെ തന്നെ സഹോദരീപുത്രൻ ഇരിങ്ങാലക്കുട രാജേഷ്-വിനിത ദമ്പതികളുടെ മകൻ ശ്രീരാഗിന്‍റെ (13) മൃതദേഹം രാത്രി ഏറെ വൈകിയാണ് കണ്ടെത്താനായത്. ആഴമേറിയതും ഒഴുക്ക് കൂടുതലുമായ പുഴയുടെ ഭാഗത്ത് സാധാരണയായി ആരും ഇറങ്ങാറില്ലെന്നാണ് നാട്ടുകാർ അറിയിക്കുന്നത്. എന്നാൽ പുഴയെ കുറിച്ച് അറിയാത്ത കുട്ടികൾ കുളിക്കാനിറങ്ങിയതാണ് അപകടത്തിനിടവരുത്തിയതെന്നും, അപകടം നടന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെടാൻ വൈകിയത് മരണത്തിന് മറ്റൊരു കാരണമായെന്നുമാണ് വിലയിരുത്തല്‍.