കോട്ടയം: പാലാ നഗരസഭാ പരിധിയില്‍ മാലിന്യസംസ്‌കരണത്തിന് കൃത്യമായ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രക്ഷോഭസമരത്തിനൊരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായി ആഗസ്റ്റ് രണ്ടിന് രാവിലെ പത്തര മുതല്‍ വൈകിട്ട് നാലര വരെ ഉപവാസ പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായാണ് ഇത്തരമൊരു സമരരീതിയെന്നു സംസ്ഥാന പ്രസിഡന്റ് ജോര്‍ജ്ജ് കുളങ്ങര പറഞ്ഞു.
ഖര-ദ്രാവക മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ആവശ്യമായ സംവിധാനം സ്ഥാപിക്കാന്‍ മുന്‍സിപ്പാലിറ്റി തയാറാകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നികുതിദായകരുടെ ആരോഗ്യപ്രശ്‌നം പരിഹരിച്ച് പാലായെ ശുചിത്വ നഗരം ആക്കണമെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മാലിന്യസംസ്‌കരണത്തെ കുറിച്ച് പഠിക്കാന്‍ വിദേശരാജ്യങ്ങളില്‍ സന്ദര്‍ശിക്കുന്ന ഉദ്യോഗസ്ഥസംഘം അത് കേരളത്തില്‍ നടപ്പാക്കാന്‍ മടിക്കുകയാണെന്നു ജോര്‍ജ്ജ് കുളങ്ങര ആരോപിച്ചു.