കോട്ടയം: വീട്ടുമുറ്റത്തെ സംരക്ഷണ ഭിത്തിയില്ലാത്ത കിണറില്‍ വീണ കുറുനരിയെ രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചു. കടുത്തുരുത്തി കാട്ടാമ്പാക്ക് ചായംമാക്ക് പരത്തനാനിയില്‍ റോജി തോമസിന്‍റെ വീട്ടുമുറ്റത്തെ കിണറിലാണ് കുറുനരി വീണത്. ചൊവ്വാഴ്‌ച രാത്രിയിൽ കിണറില്‍ നിന്നും ശബ്‌ദം കേട്ട് വീട്ടുകാര്‍ ടോര്‍ച്ചടിച്ചു നോക്കിയപ്പോഴാണ് കിണറിനുള്ളില്‍ ഒരു ജീവി കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്.
നായയാണെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് കുറുനരിയാണെന്ന് വ്യക്തമായത്. നാട്ടുകാരുടെ സഹായത്തോടെ കുറുനരിയെ കരയ്‌ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
പിന്നീട് കോട്ടയം വനംവകുപ്പ് ഓഫിസില്‍ വിവരമറിയിച്ചു. ബുധനാഴ്‌ച വൈകുന്നേരം വനംവകുപ്പ് ജീവനക്കാരെത്തി വലയിറക്കി കുറുനരിയെ കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് വനംവകുപ്പ് കൂട്ടിലാക്കി ഇതിനെ കൊണ്ടു പോവുകയായിരുന്നു. ഈ പ്രദേശത്ത് കുറുനരിയുടെ ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കോഴികളെയും ആടുകളെയും ഉള്‍പ്പെടെ നഷ്‌ടപ്പെടാറുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.