കോട്ടയം: ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് ഈരാറ്റുപേട്ട നഗരസഭ തടഞ്ഞുവച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് നഗരസഭ ചെയര്‍മാന്‍ വി.എം സിറാജ്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതില്‍ തെറ്റുപറ്റി. പദ്ധതി വിഹിതം കുറഞ്ഞതുമൂലമാണ് സ്‌കോളര്‍ഷിപ് മുടങ്ങിയതെന്നും സിറാജ് പറഞ്ഞു.
2.80 കോടി രൂപയാണ് നഗരസഭക്ക് സര്‍ക്കാര്‍ ഫണ്ടായി നല്‍കുന്നത്. എന്നാല്‍ ആദ്യ ചെയര്‍മാന്‍റെ കാലത്ത് ലൈഫ് പദ്ധതിക്കായി ഹഡ്‌കോയില്‍ നിന്നും 12 കോടി രൂപ വായ്പ എടുത്തിരുന്നു. ഓരോ പദ്ധതി വിഹിതത്തില്‍ നിന്നും 20 ശതമാനം വീതം തിരികെ പിടിക്കുമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 1.40 കോടി രൂപ മാത്രമാണ് നല്‍കിയത്. ആ തുകയില്‍ നിന്നും 50 ശതമാനം തുക ഹഡ്‌കോ തിരികെ പിടിച്ചതായും ചെയര്‍മാന്‍ പറഞ്ഞു. 70 ലക്ഷം രൂപ മാത്രമാണ് നഗരസഭക്ക് ലഭിച്ചത്. ഇതില്‍ നിശ്ചിത ശതമാനം തുകയാണ് ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്നത്. ഇത്തരത്തിലാണ് പദ്ധതി വിഹിതം കുറഞ്ഞത്. തുടർന്ന് സ്‌കോളര്‍ഷിപ് മുടങ്ങുകയായിരുന്നു. 28,500 രൂപ വീതം നല്‍കണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ നിശ്ചിത തുക നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. നഗരസഭയുടെ കീഴില്‍ ബഡ്സ് സ്‌കൂളും നിലവിലുണ്ട്. സ്‌കൂളിന്‍റെ ദൈനംദിനം കാര്യങ്ങളും ശമ്പളവും ഈ തുകയില്‍ നിന്നാണ് കണ്ടെത്തുന്നത്. സ്‌കോളർഷിപ് നൽകുന്നതിനായി 16 ലക്ഷം രൂപയുടെ പ്രോജക്ട് തയാറാക്കി ഡിപിസിക്ക് നല്‍കിയിട്ടുണ്ട്. ഡിപിസി അംഗീകാരം ലഭിക്കുന്നതോടെ ഇവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നൽകുമെന്നും വി.എം സിറാജ് കൂട്ടിച്ചേര്‍ത്തു.