കോട്ടയം: അധികൃതരുടെ അനാസ്ഥയ്‌ക്കൊടുവില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞതോടെ തിടനാട് പഞ്ചായത്തിലെ ചിറ്റാറ്റിന്‍കരയില്‍ പുതിയപാലം വേണമെന്ന ആവശ്യം ശക്തമായി. തിങ്കളാഴ്‌ചയുണ്ടായ അപകടത്തില്‍ തീക്കോയി സ്വദേശിയ്‌ക്കാണ് ജീവന്‍ നഷ്ടമായത്. കൈവരികള്‍ തകര്‍ന്ന പാലത്തില്‍ അപകടകരമായ രീതിയിലാണ് ബസുകളടക്കമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത്.
ഈരാറ്റുപേട്ട ഭരണങ്ങാനം റോഡിന് സമാന്തരമായുള്ള കൊണ്ടൂര്‍ അമ്പാറനിരപ്പ് റോഡിലാണ് ചിറ്റാറ്റിന്‍കര പാലം ഭീഷണിയാവുന്നത്. 70 വര്‍ഷത്തോളം പഴക്കമുള്ള പാലത്തിന് ഉയരക്കുറവും കൈവരികളില്ലാത്തതുമാണ് പോരായ്‌മ. കഴിഞ്ഞ മഴക്കാലത്ത് പാലത്തിന് 5 അടി ഉയരത്തിലൂടെ ഒഴുകിയ വെള്ളം കൈവരികള്‍ തകര്‍ക്കുകയായിരുന്നു. രണ്ടരമീറ്റര്‍ മാത്രം വീതിയുള്ള പാലത്തില്‍ വാഹനമെത്തിയാല്‍ കാല്‍നടയാത്രക്കാര്‍ക്ക് പോലും കടന്നുപോകാനാകില്ല.
നാട്ടുകാര്‍ കയര്‍ കെട്ടിയാണ് ഇപ്പോള്‍ അപകടസൂചന നല്‍കിയിരിക്കുന്നത്. തിങ്കളാഴ്‌ചയുണ്ടായ അപകടത്തില്‍ ബൈക്കുമായി ഇടിച്ച ഓട്ടോ ആറ്റിലേയ്‌ക്ക് പതിച്ചിരുന്നു. ബൈക്കിലെത്തിയ തീക്കോയി അടുക്കം സ്വദേശി ജോഷിയാണ് അപകടത്തില്‍ മരിച്ചത്. കരിങ്കല്ലില്‍ കെട്ടിയുയര്‍ത്തിയ പാലം തകര്‍ച്ചയുടെ വക്കിലാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു ജീവന്‍ പൊലിഞ്ഞത് കണക്കിലെടുത്തെങ്കിലും പുതിയ പാലം നിര്‍മിക്കാനുള്ള നടപടി സ്വകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.