കോട്ടയം: മോട്ടോർ വെഹിക്കിൾ ഓഫിസിൽ ലക്ഷങ്ങളുടെ കൈക്കൂലി ഇടപാടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തി. കോട്ടയം എന്‍ഫോഴ്‌സ്‌മെന്‍റ് ആർടി ഓഫിസിലെ അസിസ്‌റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരായ ഷാജൻ.വി, അജിത്ത് ശിവൻ, അനിൽ എന്നിവർ കഴിഞ്ഞ ആറുമാസത്തിനിടയിൽ ലക്ഷക്കണക്കിന് രൂപ കൈക്കൂലിയായി വാങ്ങിയതിന്‍റെ തെളിവുകളാണ് വിജിലൻസിന് ലഭിച്ചത്. സ്വന്തമായുള്ളതും ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ വഴിയും ഗുഗിൾ പേ വഴിയുമാണ് ഇവര്‍ കൈകൂലി കൈപ്പറ്റിയിരിക്കുന്നത്.
'ഓവര്‍ലോഡില്‍' കുടുങ്ങി: പാസില്ലാതെ ടോറസ് ലോറികളിലും ടിപ്പർ ലോറികളിലും അമിത ലോഡ് കയറ്റുന്ന വാഹനങ്ങളെ പിടികൂടുന്നതിന്‍റെ ഭാഗമായി ജില്ലയിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ഓവർ ലോഡ് മിന്നൽ പരിശോധനയിലൂടെയാണ് മാസങ്ങളായി നടന്നുവന്നിരുന്ന ലക്ഷങ്ങളുടെ അഴിമതി കണ്ടെത്തിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർമാരുടെ ഏജന്‍റുമാരായി പ്രവർത്തിക്കുന്നവരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോട്ടയം എൻഫോഴ്‌സ്‌മെന്‍റ് ആർടി ഓഫിസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടര്‍മാരുടെ ഏജന്‍റായി പ്രവർത്തിക്കുന്ന വട്ടുകുളം സ്വദേശിയായ രാജീവിന്‍റെ ടോറസ് ലോറി പിടിച്ചെടുത്ത് ഇയാളുടെ മൊബൈൽഫോൺ പരിശോധിച്ചതിൽ നിന്നുമാണ് കൈക്കൂലി നൽകിയതിന്‍റെ തെളിവുകൾ ലഭിച്ചത്.
കൈപ്പറ്റിയത് ഭീമന്‍ തുക: ഇവർ ഓരോരുത്തരും പ്രതിമാസം മൂന്നുലക്ഷം രൂപ വരെ കൈകൂലി വാങ്ങിയിരിക്കുന്നതായാണ് വിജിലൻസ് കണ്ടെത്തിയത്. ഇതോടെ അസിസ്‌റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഇവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്തു. സംസ്ഥാന വ്യാപകമായി വിജിലന്‍സ് മിന്നൽ പരിശോധന നടത്തിയെങ്കിലും വമ്പന്‍ കൈക്കൂലിക്കേസ് പുറത്തുവന്നത് കോട്ടയത്താണ്. വിജിലൻസ് എസ്‌പി വി.ജി വിനോദ് കുമാറിന്‍റെ നിർദേശപ്രകാരം ഡിവൈഎസ്‌പി എ.കെ വിശ്വനാഥൻ, സി.ഐ സജു എസ് ദാസ്, എസ്.ഐ സ്‌റ്റാൻലി തോമസ്, എഎസ്ഐമാരായ സുരേഷ് ബാബു, ഹാരിസ്, എസ്‌സിപിഒമാരായ അരുൺ ചന്ദ്, രാജേഷ് എന്നിവരാണ് പരിശോധന നടത്തിയത്.