കോട്ടയം : ജനങ്ങളെ ഭയപ്പെടുത്തി കെ-റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മാടപ്പള്ളിയിലെ പൊലീസ് നടപടി ആസൂത്രിതമാണ്. കോടിയേരിയുടെ ചെറുമകൾക്ക് വേണ്ടി ശബ്‌ദം ഉയത്തിയവർ ജിജി ഫിലിപ്പിന്‍റെ കുട്ടിക്ക് വേണ്ടി ശബ്‌ദം ഉയർത്തുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. മാടപ്പള്ളിയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശങ്കകളും പരാതികളും പ്രതിഷേധവും എല്ലാം മാടപ്പള്ളിയിലെ ജനങ്ങൾ കേന്ദ്രമന്ത്രിയുടെ മുന്നിൽ നിരത്തി. പൊലീസ് നടത്തിയ അക്രമത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് കേന്ദ്രമന്ത്രി ഉന്നയിച്ചത്. വനിത മതിലിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ടവർ ഇപ്പോൾ മിണ്ടുന്നില്ല. ഭയപ്പെടുത്തി പദ്ധതി നടപ്പാക്കാൻ ജനങ്ങളും ബിജെപിയും അനുവദിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
ALSO READ:കെ റെയിൽ പ്രതിപക്ഷത്തിന് ബിജെപിയുമായി സഖ്യം കൂടാനുള്ള അവസരം: കാനം രാജേന്ദ്രൻ
സമരത്തിന്‍റെ പേരിൽ കേസെടുത്തവർക്ക് ബിജെപി നിയമസഹായം നൽകുമെന്നും മുരളീധരൻ പറഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ജില്ല പ്രസിഡന്‍റ് ലിജിൻ ലാൽ ഉൾപ്പടെയുള്ള സംഘമാണ് കേന്ദ്രമന്ത്രിക്കൊപ്പം സന്ദർശനത്തിനെത്തിയത്.