കോട്ടയം : യുകെ കെറ്ററിങ്ങില്‍ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്‌സ് വൈക്കം സ്വദേശിനി അഞ്ജു (40), മക്കളായ ജീവ (ആറ്), ജാൻവി (നാല് ) എന്നിവരുടെ മൃതദേഹങ്ങൾ സ്വദേശത്തെത്തിച്ച് സംസ്‌കരിച്ചു. ഇന്ന് (ജനുവരി 14) രാവിലെ ഒൻപതോടെ വിമാനമാർഗം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച ശേഷം ആംബുലന്‍സില്‍ 10.30ന് വൈക്കം ഇത്തിപ്പുഴയിലെ വീട്ടിലെത്തിക്കുകയായിരുന്നു. അഞ്ജുവിനേയും മക്കളേയും അവസാനമായി ഒരുനോക്ക് കാണാൻ ഇത്തിപ്പുഴയിലെ വീട്ടിലേക്ക് ആയിരക്കണക്കിന് ആളുകളാെണെത്തിയത്.
മൂന്ന് ആംബുലൻസുകളിലായാണ് മൃതദേഹം വീട്ടുമുറ്റത്ത് എത്തിച്ചത്. കഴിഞ്ഞ വർഷം ദിവസങ്ങളോളം ഇത്തിപ്പുഴയിലെ വീട്ടിൽ കളിച്ചുനടന്ന കുട്ടികളുടെ ചേതനയറ്റ ശരീരങ്ങൾ ഇവിടെ എത്തിയപ്പോൾ നാടിന്‍റെ ദുഃഖം അണപൊട്ടി. പൊതുദർശത്തിനുവച്ച മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
യുകെ കെറ്ററിങ്ങില്‍ ഭർത്താവും മക്കളുമൊത്ത് താമസിച്ചിരുന്ന നഴ്‌സായ അഞ്ജുവിനേയും മക്കളേയും ഡിസംബർ 15ന് രാത്രിയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ജുവിന്‍റെ ഭര്‍ത്താവും കണ്ണൂര്‍ ശ്രീകണ്‌ഠാപുരം പടിയൂര്‍ സ്വദേശിയുമായ ചേലപാലില്‍ സാജു (52) യുകെയിൽ പൊലീസ് കസ്റ്റഡിയിലാണ്.