കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന കൺവൻഷനും, കർഷക സംഗമവും കോട്ടയത്ത് തിരുനക്കര മൈതാനത്ത് നടന്നു. കർഷക സംഗമവും, സമര പ്രഖ്യാപനവും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിൽ കർഷകർ നേരിടുന്ന വിവിധ തരത്തിലുള്ള പ്രശ്‌നങ്ങൾ കർഷക സംഗമത്തിൽ ചർച്ചയായി.
കേരളത്തിൽ കർഷകരുടെ ഒരു പ്രശ്‌നം പോലും സർക്കാർ അഭിസംബോധന ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കർഷകരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തങ്ങളുടെ കർഷക വിരുദ്ധ നയങ്ങൾ കൊണ്ട് ദ്രോഹിക്കുന്നു. കാർഷിക മേഖലയിൽ ഉൽപ്പന്നങ്ങൾ സംഭരിക്കാനോ, സംഭരിക്കുന്ന ഉൽപ്പന്നങ്ങൾക്ക് കൂലി നൽകാനോ സർക്കാരുകൾ ശ്രമിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കർഷകർക്കൊപ്പം നിന്ന് അവകാശങ്ങൾക്കായി പോരാടുമെന്നും വി ഡി സതീശൻ വ്യക്‌തമാക്കി. നെൽ കർഷകർക്ക് വേണ്ടി പാലക്കാടും കുട്ടനാടും യുഡിഎഫ് സമരമുഖം തുറക്കും. വയനാട്, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിൽ തേയില ഏലം കർഷകർക്ക് വേണ്ടിയും, കുറ്റ്യാടിയിലും പാലക്കാടും നാളിക കർഷകർക്ക് വേണ്ടിയും, കോട്ടയത്ത് റബർ കർഷകർക്ക് വേണ്ടിയും സമരമുഖം തുറക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
കോട്ടയത്ത് നടന്ന കർഷക സംഗമത്തിൽ വിവിധ ജില്ലകളിൽ നിന്നായി ആയിരത്തോളം കർഷകരാണ് പങ്കെടുത്തത്. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് കർഷക സംഗമത്തിൻ്റെ അധ്യക്ഷത വഹിച്ചു. ആന്‍റോ ആന്‍റണി എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് തുടങ്ങിയവർ കർഷക സംഗമത്തിൽ പങ്കെടുത്തു.