കോട്ടയം: പിറവത്ത് റെയിൽവേ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ രണ്ട് ജീവനക്കാര്‍ക്ക് ഷോക്കേറ്റു. പിറവം റോഡ് റെയിൽവെ സ്റ്റേഷന് സമീപം ഇരുമ്പയം കല്ലിങ്കലിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. റെയില്‍വേ ജീവനക്കാരായ മഹേഷ് കുമാറിനും സബീറാ ബീഗത്തിനുമാണ് ഷോക്കേറ്റത്.
ഏണിയിൽ കയറി നിന്ന് ജോലിചെയ്യുന്നതിനിടെ മഹേഷ് കുമാറിന് ഗുരുതരമായി പൊള്ളലേറ്റു. ഏണിയിൽ പിടിച്ചിരിക്കുകയായിരുന്ന സബീറക്ക് കൈക്കാണ് പൊള്ളലേറ്റത്. അറ്റകുറ്റപ്പണി നടക്കുമ്പോൾ ലൈനിലെ വൈദ്യുതി വിച്ഛേദിക്കാതിരുന്നതാണ് അപകട കാരണം. അപകടം നടന്നയുടന്‍ തന്നെ ഇരുവരെയും വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.