കോട്ടയം: അവഗണനയുടെ നേർക്കാഴ്‌ചയാണ് കോട്ടയം തിരുവാർപ്പിലെ ഇറമ്പം പ്രദേശം. വര്‍ഷത്തില്‍ ഭൂരിഭാഗം മാസങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശം. ഇങ്ങനൊക്കെ പറഞ്ഞാൽ ചിലപ്പോൾ തിരിച്ചറിയാൻ കഴിയണമെന്നില്ല. എന്നാൽ മലരിക്കൽ ആമ്പൽ ഫെസ്റ്റ് നടക്കുന്നതിനടുത്തുള്ള പ്രദേശമെന്ന് പറഞ്ഞാൽ പെട്ടെന്ന് ആളുകൾക്ക് തിരിച്ചറിയാൻ കഴിയും. ആമ്പൽ ഫെസ്റ്റിന്‍റെ വർണാഭമായ കാഴ്‌ചകൾക്ക് അപ്പുറം യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദുരിത ജീവിതം നയിക്കുന്ന മനുഷ്യരുടെ നാടാണിത്. ചില നിറം മങ്ങിയ കാഴ്‌ചകൾ...
തിരുവാര്‍പ്പ് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ജെ ബ്ലോക്കും, 9000 പാടശേഖരവും തിരുവായ്ക്കരി പാടശേഖരങ്ങളുടെ പുറംബണ്ട് അടക്കമുള്ള പ്രദേശവുമാണ് ഇറമ്പമെന്ന് അറിയപ്പെടുന്നത്. പുറംലോകവുമായി ബന്ധപ്പെടാൻ ഇവർക്ക് യാതൊരു മാർഗവും ഇല്ല. വഴി, വെളിച്ചം എന്നിങ്ങനെ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ഇവിടത്തെ ജനങ്ങൾ ദുരിത ജീവിതം നയിക്കുകയാണ്.
വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രമായ ഈ പ്രദേശത്തെ വഴിവിളക്കുകള്‍ കത്താറില്ല. ബണ്ടിലൂടെയുള്ള റോഡിലൂടെ വാഹനങ്ങൾ കടന്ന് പോകില്ല. സമീപത്തെ പാടശേഖരങ്ങൾ വെള്ളം കയറി കിടക്കുന്നത് കൊണ്ട് ബണ്ട് റോഡ് വരെ വള്ളത്തിലാണ് ആളുകൾ എത്തുന്നത്.
രോഗികളെ ആശുപത്രിയിലെത്തിക്കാൻ പോലും വലിയ ബുദ്ധിമുട്ടാണ്. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതുകൊണ്ട് മാത്രം പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവരും ഇവിടെയുണ്ട്.
സ്‌കൂൾ കുട്ടികൾക്കും ദുരിതം: കിലോമീറ്ററുകൾ നടന്നാലാണ് കുട്ടികൾ സ്‌കൂളിലെത്തുക. മഴ സമയത്താണെങ്കിൽ പിന്നെ പറയണ്ട.. സ്‌കൂളിലെത്തുമ്പോഴേക്കും യൂണിഫോം മുഴുവൻ ചെളിയായിട്ടുണ്ടാകും. സ്‌പെഷ്യൽ ക്ലാസുകളിൽ ഇരിക്കാനേ കഴിയാറില്ല. അത്രയും നേരത്തെ നടന്നെത്തില്ലെന്നാണ് കുട്ടികൾ പറയുന്നത്.
വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമായതുകൊണ്ട് വള്ളത്തിൽ യാത്ര ചെയ്യാമെന്ന് കരുതാനും കഴിയില്ല. ആഴം കുറഞ്ഞ തോട്ടിലൂടെ ഇവിടേയ്ക്ക് ചെറുവള്ളം തുഴഞ്ഞെത്തുക എന്നതും കഠിനമാണ്.
മലരിക്കല്‍ ബസ്റ്റോപ്പ് വരെയെത്താന്‍ ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരം കാല്‍നടയായി സഞ്ചരിക്കണം. യാത്ര തീർത്തും ദുഃസ്സഹമായപ്പോൾ നാട്ടുകാർ സ്വന്തം ചെലവിൽ പൂഴിയിട്ട ഒരു റോഡ് ഉണ്ടാക്കിയെടുത്തു. ആ സമയത്ത് പഞ്ചായത്ത് പേരിന് കുറച്ച് പണം നൽകിയിരുന്നു. എന്നാൽ വെള്ളം കയറിയതോടെ അതും നശിച്ചു.
റീ - ബിള്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി മലരിക്കല്‍ മുതല്‍ ഇറമ്പം വലിയവീട്ടില്‍ അമ്പലം വരെ റോഡ് നിര്‍മിക്കാന്‍ രണ്ട് കോടി രൂപ അനുവദിച്ചു എന്ന് പഞ്ചായത്ത് പറയുന്നുണ്ടെങ്കിലും നടപടികൾ വൈകുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. എത്രയും വേഗം ഇതിനൊരു പരിഹാരം കണ്ട് ഈ ദുരിതജീവിതത്തിൽ നിന്ന് രക്ഷപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.