കോട്ടയം: ജില്ലയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിന് അധിക ഫീസ് നൽകേണ്ടി വരുന്നതായി വ്യാപാരികൾ. കൊവിഡ് 19 പ്രതിസന്ധിയിൽ നീണ്ടനാളത്തെ നിയന്ത്രണങ്ങൾക്കൊടുവിലാണ് സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തനമാരംഭിക്കുന്നത്. ഈ കാലയളവിൽ വ്യാപര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ജൂൺ 30 വരെ സമയം നൽകിയിരുന്നെങ്കിലും, പ്രതിസന്ധിയിൽ ലൈസൻസ് പുതുക്കാൻ കഴിയാതെ പോയ വ്യാപാരികളാണ് നിലവിൽ ലെയിറ്റ് ഫീ ഇനത്തിലും പിഴയിലും മറ്റുമായി വലിയ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടക്കേണ്ടി വരുന്നത്. ലൈസൻസിനായി ഏകദേശം 500 രൂപ മുടക്കേണ്ടിയിരുന്ന വ്യാപാരി നിലവിൽ 2500 ൽ അധികം രൂപ അടച്ചാണ് ലൈസൻസ് പുതുക്കുന്നത്.
കുടിശികയായാൽ അടങ്കൽ തുകയും വർദ്ധിക്കും. കൂടാതെ വ്യാപാരികൾക്ക് കടയിൽ പ്രദർശിപ്പിക്കുന്നതിനായും മറ്റും നൽകുന്ന ലൈസൻസ് കോപ്പികൾ നൽകുന്നതിൽ തദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാലതാമസം വരുത്തുന്നതായും ആക്ഷേപമുണ്ട്. ലൈസൻസ് ഉപയോഗിച്ച് ലോൺ എടുക്കാൻ ഒരുങ്ങുന്ന വ്യാപാരികൾക്കാണ് ഇത് തിരിച്ചടിയാവുന്നത്. കോട്ടയം മുൻസിപ്പാലിറ്റിയിൽ മാത്രം ഇതിനോടകം 50% ത്തോളം വ്യാപാര ലൈസൻസുകൾ പുതുക്കിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഏതെങ്കിലും തരത്തിൽ വ്യാപാര സംബന്തമായ കുടിശികയുള്ളവർക്ക് മാത്രമാണ് ലൈസൻസ് കോപ്പികൾ നൽകുന്നതിൽ താമസം വരുന്നതെന്നും കോട്ടയം മുൻസിപ്പൽ ചെയർ പേസൺ വ്യക്തമാക്കുന്നു.