കോട്ടയം : കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയുടെ വാഹനം തടഞ്ഞ് പണം തട്ടിയെടുത്ത കേസില്‍ നാല് പേര്‍ അറസ്റ്റില്‍. തരകനാട്ട്കുന്ന് പറയരുവീട്ടില്‍ അഭിജിത് (25), തമ്പലക്കാട് കുളത്തുങ്കല്‍, മുണ്ടപ്ലാക്കല്‍ ആല്‍ബിന്‍ (26), തമ്പലക്കാട് തൊണ്ടുവേലി സ്വദേശികളായ കൊന്നയ്ക്കാപറമ്പില്‍ ഹരികൃഷ്ണന്‍ (24), വേമ്പനാട്ട് രാജേഷ് (23) എന്നിവരെയാണ് പൊന്‍കുന്നം പൊലീസ് അറസ്റ്റുചെയ്തത്.
ALSO READ: പ്രസ്‌താവന അനവസരത്തില്‍ ; നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം തള്ളി മത-സാമുദായിക നേതാക്കളുടെ യോഗം
പൊന്‍കുന്നം കല്ലറയ്ക്കല്‍ സ്റ്റോഴ്‌സ് ഉടമ തച്ചപ്പുഴ കല്ലറയ്ക്കല്‍ കെ.ജെ ജോസഫി(67)ന്‍റെ 25,000 രൂപയാണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി തച്ചപ്പുഴ റോഡില്‍ ലെയ്ത്തിന് സമീപം ഇദ്ദേഹം ഓടിച്ചിരുന്ന വാനിന് മുന്നില്‍ ബൈക്കുകള്‍ വിലങ്ങിട്ട് തടയുകയായിരുന്നു. രണ്ട് ബൈക്കിലായാണ് അക്രമികളെത്തിയത്.
ജോസഫ് ഉടന്‍ തന്നെ പൊന്‍കുന്നം പൊലീസില്‍ വിവരമറിയിച്ചിരുന്നു. പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും സംഭവ ദിവസം പ്രതികളെ കണ്ടെത്താനായില്ല. തുടര്‍ന്നുനടന്ന അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.