കോട്ടയം: പണിയായുധങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനത്തില്‍ നിന്ന് 70,000 രൂപയും ഇലക്ട്രിക് അറക്കവാളും മോഷ്‌ടിച്ച കേസില്‍ സ്ഥാപന ഉടമയുടെ മുന്‍ ഡ്രൈവറടക്കം രണ്ട് പേര്‍ പിടിയില്‍. പാലാ സി.ഐ അനൂപ് ജോസും സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ അഞ്ചിന് ചെത്തിമറ്റം കല്യ ഹയറിങ്ങ് ആന്‍റ് സര്‍വ്വീസിങ്ങ് സെന്‍ററിൽ നടന്ന മോഷണത്തില്‍ സ്ഥാപന ഉടമ സതീഷ് മണിയുടെ മുന്‍ ഡ്രൈവര്‍ ഇടമറ്റം ചീങ്കല്ലേല്‍ ആണ്ടൂക്കുന്നേല്‍ അജി(36), സുഹൃത്ത് ഇടമറ്റം പുത്തന്‍ ശബരിമല കോളനിയില്‍ ചൂരക്കാട്ട് തോമസ്(അപ്പ-43) എന്നിവരാണ് പിടിയിലായത്.
സ്ഥാപനത്തിന്‍റെ പുറകിലെ അഴി നീക്കി ഉള്ളില്‍കയറിയ ഇരുവരും ചേര്‍ന്ന് മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും അറക്കവാളും മോഷ്‌ടിക്കുകയായിരുന്നു. പിറ്റേന്ന് സ്ഥാപനത്തിലെ തൊഴിലാളികളെ മുഴുവന്‍ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. ഇതിനിടെ ഇവരാണ് മോഷണത്തിന് പിന്നിലെന്ന രഹസ്യവിവരം പാലാ ഡി.വൈ.എസ്.പി സാജുവര്‍ഗീസിന് ലഭിക്കുകയായിരുന്നു. സംഭവ ദിവസം പ്രതികൾ ബൈക്കില്‍ പോവുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു. മോഷ്‌ടിച്ച പണം കൊണ്ട് കാര്‍ വാടകയ്‌ക്കെടുത്ത് കറങ്ങുകയായിരുന്ന പ്രതികളെ ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ ഭരണങ്ങാനത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.