കോട്ടയം: വൈക്കത്ത് യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വെച്ചൂർ ശാസ്‌തക്കുളം ഭാഗത്ത് കുന്നപ്പള്ളിൽ വീട്ടിൽ വിജയന്‍റെ ഭാര്യ ഷീബ എന്ന് വിളിക്കുന്ന രതിമോൾ (49), ഓണംതുരുത്ത് പടിപ്പുരയിൽ വീട്ടിൽ മഹേഷിന്‍റെ ഭാര്യ രഞ്ജിനി (37), കുമരകം ഇല്ലിക്കുളംചിറ വീട്ടിൽ പുഷ്ക്കരൻ മകൻ ധൻസ് (39) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവർ മൂവരും ചേർന്ന് വൈക്കം സ്വദേശിയും രതിമോളുടെ ബന്ധുവുമായ മധ്യവയസ്‌കനെയാണ് ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ചത്.
മധ്യവയ്‌സകനെ ഹണിട്രാപ്പില്‍ പെടുത്തിയത് ഇങ്ങനെ: റൂഫ് വർക്ക് ജോലി ചെയ്യുന്ന ഇയാളെ ഇവരുടെ വീടിന്‍റെ സമീപത്തുള്ള വീട്ടിൽ ജോലി ഉണ്ടെന്നും, ഇത് നോക്കുവാൻ വരണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയും തുടർന്ന് വീട്ടിലെത്തിയ സമയം ആ വീട്ടുകാര്‍ പുറത്തു പോയിരിക്കുകയാണെന്നും അവർ വന്നിട്ട് നോക്കാമെന്ന് പറഞ്ഞ് ഇയാളെ അടുത്ത മുറിയിൽ ഇരുത്തുകയുമായിരുന്നു. തുടർന്ന് രഞ്ജിനി നഗ്നയായി മധ്യവയസ്‌കന്‍റെ മുറിയിലേക്ക് കടക്കുകയും, ഈ സമയം കൂട്ടാളിയായ ധൻസ് മുറിയിൽ എത്തി ഇവരുടെ വീഡിയോ പകർത്തുകയുമായിരുന്നു. ഇതിനുശേഷം ഷീബ വന്ന് യുവാവ് പൊലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താൽ ഒത്തുതീർപ്പാക്കാമെന്ന് അറിയിച്ചുവെന്ന് പറയുകയുമായിരുന്നു.
എന്നാല്‍, 50 ലക്ഷം എന്നുള്ളത് താന്‍ സംസാരിച്ച് ആറ് ലക്ഷം രൂപ ആക്കിയിട്ടുണ്ടെന്നും, ഞാനത് കൊടുത്തിട്ടുണ്ടെന്നും ഇത് പിന്നീട് എനിക്ക് തിരിച്ചുതരണമെന്ന് ഷീബ മധ്യവയസ്‌കനോട് ആവശ്യപ്പെട്ടു. പലപ്പോഴായി ഷീബയും ,ഇവരുടെ ഫോണില്‍ നിന്ന് ധന്‍സും വിളിച്ച് മധ്യവയസ്‌കനോട് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. നിരന്തരമുള്ള ഭീഷണിയെ തുടർന്ന് മധ്യവയസ്‌കൻ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
വൈക്കം പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തതിനെ തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയായിരുന്നു. വൈക്കം എ.സി.പി നകുൽ രാജേന്ദ്രദേശ് മുഖ്, വൈക്കം സ്‌റ്റേഷൻ എസ്.ഐ അജ്‌മൽ ഹുസൈൻ, സത്യൻ, സുധീർ, സി.പി.ഒമാരായ സെബാസ്‌റ്റ്യന്‍, സാബു, ജാക്സൺ, ബിന്ദു മോഹൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉള്‍പെട്ടിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
കോട്ടയത്ത് ഹണിട്രാപ്പ് രണ്ടാം തവണ: ഇത്തരത്തിൽ ഇവർ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്നും, ഇവരുടെ സംഘത്തിൽ മറ്റാരെങ്കിലും ഉൾപെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. കോട്ടയത്ത് മാത്രം ഈ വര്‍ഷം ഹണിട്രാപ്പ് കേസ് രജിസ്‌റ്റര്‍ ചെയ്യുന്നത് ഇത് രണ്ടാ തവണയാണ്. യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ വിഷ്‌ണുവിനെ(25)ജനുവരി 17ന് പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
തട്ടിപ്പിനിരയായ കടുത്തുരുത്തി സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്യുന്നത്. 2018മുതല്‍ നിരവധി തവണയായി 12 ലക്ഷം രൂപയാണ് പ്രതി തട്ടിയത്. ഫേസ് ബുക്കില്‍ സ്‌ത്രീയുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയ ഇയാള്‍ യുവാവുമായി ബന്ധപ്പെടുകയും സൗഹൃദത്തിലാവുകയുമായിരുന്നു.
യുവാവിനെ സ്‌ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച ഇയാള്‍ തന്‍റേതാണെന്ന പേരില്‍ വ്യാജ നഗ്‌നചിത്രങ്ങള്‍ അയച്ച് കൊടുക്കുകയും യുവാവിന്‍റെ നഗ്‌ന ചിത്രങ്ങളും ദൃശ്യങ്ങളും കൈക്കലാക്കുകയും ചെയ്യുകയായിരുന്നു. ചിത്രങ്ങളും ദൃശ്യങ്ങളും കൈക്കലാക്കിയ ശേഷം വിഷ്‌ണു ചിത്രം കുടുംബത്തിന് കൈമാറുമെന്ന് പറഞ്ഞ് യാവിവനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. പിന്നീട് 15 ലക്ഷം രൂപ ആവശ്യപെടുകയും അത് നല്‍കാതെ വന്നപ്പോള്‍ വൈകിയതിനാല്‍ 20 ലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
പണം നല്‍കാന്‍ കഴിയാതിരുന്ന യുവാവ് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്ത് വരുന്നത്. പിന്നീട് 20 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.