കോട്ടയം : കോട്ടയം മണ്ഡലം നിലനിർത്തി യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ. 2009, 2014 വർഷങ്ങളിൽ ജോസ് കെ മാണി ജയിച്ച സീറ്റിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ പിജെ ജോസഫിനെ വെട്ടിയാണ് തോമസ് ചാഴികാടനെ കോട്ടയത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാർഥിയാക്കണമെന്ന പിജെ ജോസഫിന്‍റെ ആവര്‍ത്തിച്ചുള്ള ആവശ്യം അവഗണിച്ചാണ് കേരളാ കോൺഗ്രസ് മാണി വിഭാഗം ചാഴികാടനെ പരീക്ഷിക്കാൻ തയ്യാറായത്. ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷമാണ് തോമസ് ചാഴികാടന് കോട്ടയം മണ്ഡലം നല്‍കിയത്.
വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ ലീഡ് നിലയിലെ മേല്‍ക്കോയ്മ തുടരാൻ ചാഴികാടന് സാധിച്ചു. ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും ചലനമുണ്ടാക്കാൻ ചാഴികാടന് കഴിയുകയും ചെയ്തു. വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ പോസ്റ്റൽ വോട്ടുകള്‍ എണ്ണുമ്പോള്‍ മാത്രമാണ് ഇടത് സ്ഥാനാര്‍ഥിയായ വിഎൻ വാസവന് ലീഡ് നേടാനായത്. വൈക്കം അടക്കം ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും വാസവന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ല.
കേരള കോൺഗ്രസ് എം ചെയർമാൻ കെഎം മാണിയുടെ മരണാനന്തരം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും കോട്ടയത്തെ സംബന്ധിച്ചുണ്ടായിരുന്നു. കെഎം മാണിയുടെ വിയോഗത്തോടെ തന്നെ യുഡിഎഫ് അനുകൂല തരംഗം കോട്ടയത്ത് പ്രതീക്ഷിക്കപ്പെട്ടിരുന്നതുമാണ്. രാഷ്ട്രീയ സാഹചര്യം മിക്കപ്പോഴും കോൺഗ്രസിനെ പിന്തുണച്ച ചരിത്രവും ചാഴികാടന് അനുകൂലമായി.