കോട്ടയം : കെ-റെയിലിന്‍റെ കാര്യത്തിൻ ശശി തരൂരിന്‍റേത് മാർദവമായ വാശിയെന്ന് കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടി നിലപാടിനൊപ്പം ശശി തരൂർ നിൽക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയിലിനെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭത്തിലാണ്. മുഴുവൻ ജനങ്ങളും തള്ളിക്കളഞ്ഞ പദ്ധതി നടപ്പാക്കുമെന്ന വാശി എന്തിനെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു. നിലവിലെ റെയിൽവേ സൗകര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കെ-റെയിൽ കൊണ്ട് വലിയ നേട്ടമില്ലെന്ന് ആർക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐയുമായി കൂട്ടുകെട്ടില്ലെന്ന വാദം ഈരാറ്റുപേട്ടയിലെ സി.പി.എം നേതാക്കളെ പുറത്താക്കിയതിലൂടെ പൊളിഞ്ഞുവെന്നും തിരുവഞ്ചൂർ പറഞ്ഞു. കോൺഗ്രസ് മത പ്രീണനത്തിനുമില്ല, മതപീഡനത്തിനുമില്ല. ഇതിന്‍റെ ഇടയിൽ നിൽക്കുന്നവരാണ് കോൺഗ്രസ്.
ALSO READ: വികസന വിഷയത്തില്‍ അനാവശ്യ എതിർപ്പുകൾക്ക് മുന്‍പില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി
ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളുടെ അന്വേഷണത്തിൽ എൽ.ഡി.എഫിലെ ഘടകകക്ഷികൾക്ക് പോലും വിയോജിപ്പുണ്ട്. നിരോധനാജ്ഞ നിലനിന്ന സ്ഥലത്തുനിന്ന് പ്രതികൾക്ക് ആരുടെയും സഹായമില്ലാതെ രക്ഷപ്പെടാൻ ആവുമോയെന്നും അദ്ദേഹം ചോദിച്ചു. സംഘർഷം ഉണ്ടാകുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് കൈയിലുണ്ടായിട്ടും
നടപടിയെടുക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
കെ.പി.സി.സിയുടെ അച്ചടക്ക സമിതിയുടെ ഭാഗത്തുനിന്ന് പക്ഷം പിടിച്ചുള്ള തീരുമാനം ഉണ്ടാകില്ല. എല്ലാ വശവും പരിശോധിക്കും. സാഹചര്യവും പരിശോധിക്കും. പാർട്ടിയെ നാഥനില്ലാ കളരിയാകാൻ അനുവദിക്കില്ല. പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ കാർക്കശ്യം കാണിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.