കോട്ടയം: ചരിത്ര പ്രസിദ്ധമായ തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് തിരിതെളിഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.എൻ തങ്കപ്പൻ നിലവിളക്ക് തെളിയിച്ച് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചു. അമ്പത് ലക്ഷത്തോളം രൂപ പ്രതീക്ഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഭക്തജനങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ക്ഷേത്ര നവീകരണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിൽ ബോർഡ് ഒരു കാലതാമസവും വരുത്തുകയില്ലെന്നും അദ്ദേഹം അറിയിച്ചു.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് ടി.സി ഗണേശ് ചടങ്ങിൽ അധ്യക്ത വഹിച്ചു. മുൻ പ്രസിഡന്‍റുമാരായ ജയൻ തടത്തുംകുഴി, ടി.സി രാമാനുജം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്രത്തിലെ ബലിക്കൽ പുരയുടെ നവ കണ്‌ഠം, അന്തരാളം, ദാരുശില്‌പങ്ങൾ എന്നിവയുടെ നവീകരണമാണ് രണ്ടാം ഘട്ടമായി നടക്കുന്നത്. ക്ഷേത്രം മേൽശാന്തി കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പൂജകൾക്ക് ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. ഇരവിനല്ലൂർ സ്വദേശികളായ ഗിരീഷ് കുമാർ, ഹരിദാസ് എന്നീ തച്ചന്മാരാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇരുവരെയും ചടങ്ങിൽ ആദരിച്ചു.