കോട്ടയം: മണിമല വള്ളംചിറ പെരുന്നേൽക്കവല വെള്ളൂപുരയിടത്ത് മുപ്പതോളം കടുംബങ്ങൾ വഴിയും വെള്ളവും വെളിച്ചവുമില്ലാതെ വലയുന്നു. ഇവരെ സഹായിക്കാൻ പഞ്ചായത്തോ ജനപ്രതിനിധികളോ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. മണിമല പഞ്ചായത്ത് 13-ാം വാർഡിൽ ഉൾപ്പെട്ട വെള്ളൂപുരയിടത്തെ മുപ്പതോളം കുടുംബങ്ങളാണ് വഴിയും വെള്ളവും വെളിച്ചവും ഇല്ലാതെ കഷ്‌ടപ്പെടുന്നത്.
പ്രധാന റോഡിൽ നിന്നും 250 മീറ്റർ വരെ മാത്രം നടവഴിയുണ്ട്. അവിടെ നിന്നും വനത്തിന് സമാനമായ കാട്ടിലൂടെ നടന്ന് വേണം വീട്ടിലെത്താൻ. വിഷമേറിയ ഇഴ ജന്തുക്കളുടെ ശല്യവും ഉണ്ട്. കുട്ടികളും പ്രായമായവരുമാണ് വഴിയില്ലാതെ ഏറെ വലയുന്നത്.
മഴക്കാലമായാൽ തെന്നിക്കിടക്കുന്ന ഒറ്റയടി പാതയിലൂടെ വേണം റോഡിലെത്താൻ. നടവഴിക്ക് സമീപം ഒരു കൈത്തോടുള്ളതിനാല്‍ മഴക്കാലത്ത് ദുരിതം ഇരട്ടിയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവിടെ നിന്നും രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതും ശ്രമകരമാണ്.
നാല് ആളുകൾ ചേർന്ന് വയസായവരെയും രോഗികളെയും കസേരയില്‍ ഇരുത്തി താങ്ങിയെടുത്താണ് റോഡില്‍ എത്തിക്കുന്നത്. വഴിയില്ലാത്തതു കൊണ്ട് തങ്ങള്‍ക്ക് വെള്ളവും ഇല്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. കിണർ കുത്താൻ സൗകര്യമില്ലാത്തതിനാൽ ഇവർ കുടിവെള്ളം വില കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ്.
2,000 ലിറ്ററിന് 1,000 രൂപ കൊടുത്തു വാങ്ങുന്ന വെള്ളം പരമാവധി രണ്ടാഴ്‌ച ഉപയോഗിക്കാനേ സാധിക്കൂ. സാധാരണക്കാരായ ഇവർക്ക് ഈ തുക താങ്ങാൻ പറ്റുന്നതല്ലെങ്കിലും മറ്റു നിവൃത്തിയില്ല. പ്രദേശത്തേക്ക് കയറി പോകുന്ന ഇടവഴിയിൽ ഒരു വഴിവിളക്ക് സ്ഥാപിച്ചു തരാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും അതിനും നടപടിയുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
തങ്ങളുടെ ആവശ്യങ്ങൾ പഞ്ചായത്ത് അധികൃതരോടും ജനപ്രതിനിധിയോടും പറഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും ഇവർ പറയുന്നു.