കോട്ടയം: വാകത്താനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 48 ഏക്കറോളം വരുന്ന തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തുന്നതായി ആരോപണം. റിയൽ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടി ലോക്കൽ ലെവൽ മോണിറ്ററിങ് കമ്മിറ്റിയുടെ ഒത്താശയോടെയാണ് തണ്ണീര്‍ തടങ്ങള്‍ നികത്തുന്നതെന്നാണ് ആരോപണം. 2008 ന് മുന്‍പ് നികത്തപ്പെട്ട തണ്ണീര്‍ത്തടങ്ങളും വയലുകളും കരഭൂമിയാക്കി നൽകാം എന്ന നിയമത്തിന്‍റെ പിൻബലത്തിലാണ് നടപടിയെന്ന് കര്‍ഷക കോണ്‍ഗ്രസ് പ്രതിനിധി എബി പറയുന്നു.
നിലവില്‍ നികത്തുന്ന സ്ഥലങ്ങള്‍ 2008 ന് മുന്‍പ് നികത്തിയതാണെന്ന് കാണിച്ചാണ് കരഭൂമിയാക്കാന്‍ ശ്രമം നടത്തുന്നതെന്നും ആരോപണമുണ്ട്. നിലവിലെ ലോക്കൽ ലെവൽ മോണിറ്ററിങ് കമ്മിറ്റിയില്‍ കര്‍ഷക പ്രതിനിധികളില്ല. തണ്ണീര്‍ തടങ്ങള്‍ നികത്തുന്നതോടെ മഴക്കാലത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറും. ജനദ്രോഹകരമായ ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.