കോട്ടയം: സൈക്കിള്‍ വാങ്ങാന്‍ കരുതി വച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി ഈരാറ്റുപേട്ടയിലെ ഇരട്ട സഹോദരികളായ മെഹബിനയും, മെഹഫിലയും. ഇരുവരുടെയും ഏറ്റവും വലിയ സ്വപ്‌നമായിരുന്ന സൈക്കിള്‍ വാങ്ങാനായി ഒരു വര്‍ഷത്തിലേറെയായി ശേഖരിച്ച തുകയാണ് കൈമാറിയത്.
ലോക്ക് ഡൗണ്‍ കാലത്ത് പതിവായി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കാണുന്ന ഇരുവരും സമ്പാദ്യക്കുടുക്ക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള ആഗ്രഹം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. സിപിഎം പൂഞ്ഞാര്‍ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് വീട്ടിലെത്തി സമ്പാദ്യക്കുടുക്ക ഏറ്റുവാങ്ങി. ലോക്കല്‍ സെക്രട്ടറി കെഎം ബഷീര്‍, കെഎന്‍ ഹുസൈന്‍, പിആര്‍ ഫൈസല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഈരാറ്റുപേട്ട മാളിയക്കല്‍ അബ്ദുള്‍ മനാഫ്എം.എ, മന്‍സിന മനാഫ് ദമ്പതികളുടെ മക്കളാണ് ഇരുവരും. പൂഞ്ഞാര്‍ ഗവണ്‍മെൻ്റ് ഹോസ്‌പിറ്റലിലെ അറ്റന്‍ഡറാണ് അബ്ദുള്‍ മനാഫ്.