കോട്ടയം: 2018ലെ പ്രളയത്തില്‍ കിടങ്ങൂര്‍ കാവാലിപ്പുഴ കടവില്‍ രൂപപെട്ട മണല്‍ തിട്ട സംരക്ഷിക്കാൻ 'പുഴയ്‌ക്കൊരു പുനര്‍ജനി' പദ്ധതിയുമായി ജനമൈത്രി പൊലീസ്. മിനി ബീച്ചില്‍ ആറ്റുതീരസംരക്ഷണം ലക്ഷ്യമിട്ട് ആറ്റുവഞ്ചിയും മുളയും നീര്‍മാതളവുമെല്ലം നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം എ.ഡി.ജി.പി ഡോ. ബി സന്ധ്യ ഐ.പി.എസ് നിര്‍വഹിച്ചു. കാവാലിപ്പഴക്കടവിലൊരുക്കിയ വേദിയില്‍ പ്രകൃതിയെ സംരക്ഷിച്ചു നിലനിറുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സന്ധ്യ ഐ.പി.എസ് പറഞ്ഞു.
പ്രളയബാധിത തീരങ്ങളെ പുനരുദ്ധരിക്കാനും ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങളാണ് കിടങ്ങൂരിലെ ജനമൈത്രി പൊലീസ് നടപ്പാക്കുന്നത്. കിടങ്ങര്‍ സെന്റ് മേരീസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്‌സും എന്‍സിസി-എന്‍എസ്എസ് , സ്‌കൗട്ട് യൂണിറ്റുകളും കുടുംബശ്രീ പ്രവര്‍ത്തകരും കാവാലിപ്പുഴ ബീച്ചിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരും പുഴയ്‌ക്കൊരു പുനര്‍ജനി പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. സമ്മേളനത്തില്‍ ജില്ലാ പൊലീസ് ചീഫ് പി.എസ് സാബു അധ്യക്ഷനായിരുന്നു.