പുതുപ്പള്ളിയുടെ മേൽവിലാസമായ കുഞ്ഞൂഞ്ഞ് കേരളത്തിന്‍റെ മുഖ്യമന്ത്രിയായി മാറിയപ്പോൾ സംസ്ഥാനത്തിന് ലഭിച്ചത് ജനാധിപത്യത്തിൽ പകരം വയ്‌ക്കാനില്ലാത്ത അപൂർവ വ്യക്തിത്വത്തെയായിരുന്നു... ജനങ്ങളിലേക്ക് അലിഞ്ഞുചേർന്ന ജനപ്രിയ നേതാവിനെയായിരുന്നു... കരുണാകരന്‍റെ വേഗവും ആന്‍റണിയുടെ സംയമനവും ഒത്തുചേർന്നതാണ് കോൺഗ്രസുകാർക്ക് ഉമ്മൻ ചാണ്ടി.
പുതുപ്പള്ളി സെന്‍റ് ജോർജ് ഹൈസ്‌കൂളിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റിൽ തുടങ്ങി, കേരളത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തിനിൽക്കുന്നതായിരുന്നു ഉമ്മൻ ചാണ്ടിയുടെ രാഷ്‌ട്രീയ ജീവിതം. ഇതിനിടെ എംഎൽഎ പദവും ധനകാര്യവും ആഭ്യന്തരവും തൊഴിൽ വകുപ്പുമെല്ലാം പയറ്റിത്തെളിഞ്ഞു. കരുണാകരൻ - ആന്‍റണി ചേരിതിരിവ് പാർട്ടിക്കുള്ളിൽ ശക്തമായിരുന്ന കാലത്ത് ആന്‍റണിയുടെ നിഴലായി നിന്ന് കരുക്കൾ നീക്കുമ്പോഴും ഒരുപക്ഷേ ഭാവി മുഖ്യമന്ത്രിയാകാൻ ഉമ്മൻ ചാണ്ടി തന്നെ സ്വയം മെരുക്കിയടുത്തിട്ടുണ്ടാകണം.
രാജൻ കേസും ഐഎസ്ആർഒ ചാരക്കേസും സംസ്ഥാന രാഷ്‌ട്രീയത്തിൽ തിരിച്ചടിയായി മാറിയതോടെ കരുണാകരന്‍റെ സ്ഥാനമൊഴിയലായി. പിൻഗാമിയായെത്തിയ എകെ ആന്‍റണിയാകട്ടെ 2004ൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഏറ്റ പ്രഹരം സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുത്ത് രാജിവയ്‌ക്കുകയും ചെയ്‌തു. അവിടെനിന്ന് ഊർന്ന് ഒടുവിൽ ആന്‍റണിയുടെ വലംകൈയായിരുന്ന ഉമ്മൻ ചാണ്ടിയുടെ കൈകളിലേക്ക് തന്നെ ഭരണമെത്തി. അങ്ങനെ 2004 ഓഗസ്റ്റ് 31ന് കേരളത്തിന്‍റെ 19-മത് മുഖ്യമന്ത്രിയായി കുഞ്ഞൂഞ്ഞിന്‍റെ രംഗപ്രവേശം.
ജനങ്ങളെ അറിയാൻ ജനസമ്പർക്ക പരിപാടി: പ്രശ്‌നങ്ങൾക്ക് അതിവേഗം പരിഹാരം കണ്ടെത്തുന്നതിൽ കർക്കശമുള്ള വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി. ഇതിനായി ആദ്യമായി മുഖ്യമന്ത്രിയായുള്ള പട്ടാഭിഷേകത്തിന് പിന്നാലെ 2004ൽ 'ജനസമ്പർക്കം' എന്ന ഒരു പരാതി പരിഹാരമാർഗം തന്നെ അദ്ദേഹം നടപ്പിലാക്കി. വിവിധ ജില്ലകളിൽ വിളിച്ചുചേർക്കുന്ന പരിപാടിയിൽ ജാതി, മത, രാഷ്‌ട്രീയ ഭേദമന്യേ ജനങ്ങളോട് നേരിട്ട് ഇടപെട്ട് അവരുടെ പ്രശ്‌നങ്ങൾക്ക് സ്ഥായിയായ പരിഹാരമാർഗം ഉണ്ടാക്കാൻ അദ്ദേഹം അക്ഷീണം പരിശ്രമിച്ചു.
അങ്ങനെ പറച്ചിലിനപ്പുറം നിരാശ്രയരായ പതിനായിരങ്ങളോട് ഇഴുകിച്ചേർന്ന്, അവരുടെ സങ്കടങ്ങൾ കേട്ടറിഞ്ഞ് അദ്ദേഹം ജനകീയനായി മാറി. ജനസമ്പർക്ക പരിപാടി പ്രഹസനമാണെന്നും വില്ലേജ് ഓഫിസർ ചെയ്യേണ്ട പണി മുഖ്യമന്ത്രി എന്തിന് ചെയ്യണമെന്നുമുള്ള പ്രതിപക്ഷ ആക്ഷേപങ്ങൾ ഉയര്‍ന്നിരുന്നു. ആ സമയത്ത് അതൊന്നും വകവയ്‌ക്കാതെ, മുഖ്യമന്ത്രിയായിരുന്ന 2004-2006, 2011-2016 വർഷങ്ങളിലൊക്കെയും ഉമ്മൻ ചാണ്ടി പരിപാടി വിജയകരമായി നടപ്പിലാക്കി. ഈ ജനസമ്പർക്ക പരിപാടി ഉമ്മൻ ചാണ്ടിക്ക് യുഎൻ അംഗീകാരം വരെ നേടിക്കൊടുത്തു.
'ഒസി മോഡൽ' ഇടത് ചേരിയിലും: പിന്നീട് രണ്ടാം പിണറായി സർക്കാരിന്‍റെ രൂപീകരണത്തിന് മുന്നോടിയായി 2021ൽ ഇടത് മന്ത്രിമാർ പൊതുജന പരാതികൾക്ക് പരിഹാരം കണ്ടെത്താൻ 'സാന്ത്വന സ്‌പർശം' എന്ന പേരിൽ ഉമ്മൻ ചാണ്ടി മോഡൽ ജനസമ്പർക്ക പരിപാടി നടപ്പിലാക്കുകയുണ്ടായി. 'അന്ന് ആക്രമിച്ചവർ തന്നെ ഇന്നത് നടപ്പാക്കുന്നത് കാണുമ്പോൾ ഇടതുപക്ഷം നടത്തിയ പഴയ പരാക്രമങ്ങളാണ് ഓർമവരുന്നത്' എന്നായിരുന്നു ഉമ്മൻ ചാണ്ടി പിന്നീട് പ്രതികരിച്ചത്.
വികസന കേരളത്തിലെ 'ഒസി ഇഫക്‌ട്': അങ്ങനെ വിമർശകർ തന്നെ മാതൃകയാക്കി മാറ്റിയ 'ഒസി ഇഫക്‌ട്' പിന്നെയും കേരള രാഷ്‌ട്രീയത്തിൽ ആഞ്ഞടിച്ചു. കേരളത്തിന്‍റെ വികസന ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറി ആ തരംഗം. പ്രീഡിഗ്രി വിദ്യാഭ്യാസം സർക്കാർ ചെലവിലാക്കിയതും, കുറഞ്ഞ ചെലവിൽ രാജ്യാന്തര വിമാന സർവീസ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ആരംഭിച്ചതും മുതൽ വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിന്‍റെ പണി തുടങ്ങിയതും ഉമ്മൻ ചാണ്ടിയുടെ സംഭാവനകളായിരുന്നു. പുറമെ, വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച കരാറിൽ ഒപ്പിട്ടതും, കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതും, കണ്ണൂരിൽ വിമാനം പറത്താനായതുമെല്ലാം അദ്ദേഹത്തിന്‍റെ ഇടപെടലുകളുടെ ഫലമായി മാറി. കർഷകത്തൊഴിലാളി പെൻഷൻ, തൊഴിലില്ലായ്‌മ വേതനം തുടങ്ങിയ ക്ഷേമ പെൻഷനുകൾ എല്ലാ മാസവും നൽകാൻ തീരുമാനിച്ചതും അദ്ദേഹത്തിന്‍റെ പരിഷ്‌കാരങ്ങളാണ്. അങ്ങനെ ആൾക്കൂട്ടത്തെ ആത്മബലമാക്കി മാറ്റി ആ നേതാവ് വളർന്നുവന്നു.
സ്ഥാനമാറ്റങ്ങളും കേസുകെട്ടുകളും: 2006 മുതൽ 2011 വരെയുള്ള പ്രതിപക്ഷ വാഴ്‌ചയ്‌ക്ക് ശേഷം 2011ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയും 2011 മേയ് 18ന് കേരളത്തിന്‍റെ 21-മത് മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി രണ്ടാം വട്ടം അധികാരമേൽക്കുകയും ചെയ്‌തു. പൊതുഭരണത്തിന് പുറമേ ആഭ്യന്തരം, വിജിലൻസ്, ശാസ്‌ത്ര-സാങ്കേതികം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്യുകയുണ്ടായി. എന്നാൽ കരുണാകരൻ മുഖ്യപ്രതിയായിരുന്ന പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിനെ തുടർന്ന് 2011 ഓഗസ്റ്റ് ഒന്‍പതിന് അദ്ദേഹം വിജിലൻസ് വകുപ്പിന്‍റെ ചുമതല തിരുവഞ്ചൂർ രാധാകൃഷ്‌ണന് കൈമാറി. പിന്നാലെ 2012ൽ കോൺഗ്രസ് മന്ത്രിമാർക്കിടയിൽ അഴിച്ചുപണി നടത്തിയതോടെ ആഭ്യന്തരവും അദ്ദേഹം തിരുവഞ്ചൂരിന് നൽകി.
തീഗോളമായി സോളാർ കേസ്: മുഖ്യമന്ത്രിയായിരിക്കെ 2013ലാണ് സോളാർ അഴിമതി കേസും അതിനെ തുടർന്നുള്ള ലൈംഗിക ആരോപണങ്ങളും ഉമ്മൻ ചാണ്ടിക്ക് മേൽ ഇടിത്തീയെന്ന പോലെ വീഴുന്നത്. നീണ്ട ഒന്‍പത് വർഷം പ്രതിപക്ഷ നേതാക്കളാലും മാധ്യമങ്ങളാലും വേട്ടയാടപ്പെട്ട അദ്ദേഹം പ്രതിക്കൂട്ടിൽ നിൽക്കുമ്പോഴും പറഞ്ഞത് ഒരു കാര്യം മാത്രം, 'തെറ്റ് ചെയ്‌തിട്ടില്ലെന്ന് ഉത്തമ ബോധ്യമുണ്ട്. സത്യം ജയിക്കും. ഞാനീ പറഞ്ഞത് നിങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിക്കേണ്ട, കുറിച്ചുവച്ചോ...'
ക്ലീൻ ചിറ്റിൽ ചീറ്റിയ സോളാർ: 2022 ഡിസംബർ 28, ഒടുവിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി സിബിഐയുടെ റിപ്പോർട്ട് വന്നു... തെളിവുകളുടെ അപര്യാപ്‌തതയിൽ ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ്. ഇതോടെ ഉമ്മൻ ചാണ്ടിയോടൊപ്പം പ്രതിസ്ഥാനത്ത് ചേർത്ത മുഴുവൻ പേരും കുറ്റവിമുക്തരായി. യുഡിഎഫ് സർക്കാരിന്‍റെ അടിവേരിളക്കിയ ആ അഴിമതി കേസ് ഒടുവിൽ കാറ്റൊഴിഞ്ഞ ബലൂൺ പോലെയായി.
രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും അധികാരം പിടിച്ചെടുക്കാൻ ഇടതുപക്ഷം പ്രധാന ആയുധമാക്കിയ സോളാർ കേസിൽ, ഇടതുഭരണം നിലനിൽക്കുമ്പോൾ തന്നെ ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് ലഭിച്ചുവെന്നതും ഏറെ പ്രസക്‌തമാണ്. അന്ന് തനിക്കെതിരെ ആരോപണം നടത്തിയ വിഎസ് അച്യുതാനന്ദനെതിരെ ഉമ്മൻ ചാണ്ടി മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തിരുന്നു. അനുകൂല വിധി വന്നതോടെ വിഎസ് ഉമ്മൻ ചാണ്ടിക്ക് 10,10,000 രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി ഉത്തരവിട്ടതും എൽഡിഎഫിന്‍റെ മുഖത്തേറ്റ കനത്ത പ്രഹരമായിരുന്നു.
തന്നെ കല്ലെറിഞ്ഞവർക്കുമേൽ തിരികെ എയ്യാൻ പാകമായ ശരങ്ങൾ കിട്ടിയപ്പോഴും ഉമ്മൻ ചാണ്ടി ചിരിച്ചുകൊണ്ട് പറഞ്ഞത് 'തനിക്ക് ആരോടും പകയില്ല' എന്നാണ്. ആ വാക്കുകൾക്ക് തുളച്ചുകയറുന്ന ശരത്തേക്കാൾ മൂർച്ചയുണ്ടായിരുന്നു.
ALSO READ : Oommen chandy | മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു
നെഞ്ചിലുണ്ടാകും കുഞ്ഞൂഞ്ഞ്: രാഷ്‌ട്രീയ ഗതിവിഗതികൾക്കപ്പുറം നിശ്ചയദാർഢ്യം കൊണ്ടും തന്മയത്വം കൊണ്ടും മാനുഷിക പരിഗണന കൊണ്ടും ജനമനസുകളിൽ ഇടം നേടിയ വ്യക്തിയായിരുന്നു കുഞ്ഞൂഞ്ഞ്. ആൾക്കൂട്ടത്തിൽ നിന്നും ഊർജം സംഭരിച്ച് ഒരു യുഗം ജീവിച്ചുതീർത്ത നേതാവ്. ഇന്ന് ആ പ്രിയനേതാവിന്‍റെ മരണം കേരളക്കരയെ ആകെ ഇരുളിൽ വീഴ്‌ത്തുമ്പോഴും അദ്ദേഹം ബാക്കിവച്ചുപോയ മനുഷ്യത്വത്തിന്‍റെ ഒരുപിടി ശേഷിപ്പുകൾ തന്നെ ആ ജനകീയ നേതാവിനെ ഇനിയുള്ള കാലം ഓകത്തുവയ്‌ക്കാൻ ധാരാളമാണ്.