കോട്ടയം : ക്രിസ്‌തുവിന്‍റെ പീഡാനുഭവത്തിന്‍റെയും മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും ഓർമ പുതുക്കുന്ന വിശുദ്ധ വാര തിരുകർമങ്ങൾക്ക് ഓശാന ഞായർ ആചരണത്തോടെ തുടക്കമായി. കോട്ടയം ജില്ലയിലെ എല്ലാ ദേവാലയങ്ങളിലും രാവിലെ തന്നെ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും നടന്നു. ക്രിസ്‌തുവിന്‍റെ ജറുസലേം പ്രവേശനം ജനങ്ങൾ വരവേറ്റതിന്‍റെ ഓർമ പുതുക്കിയാണ് കുരുത്തോല പ്രദക്ഷിണം.
പാലാ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ എന്നിവർ നേതൃത്വം നൽകി. കൊവിഡ് വെല്ലുവിളിയിൽ നിന്നും കരകയറുന്ന സമൂഹത്തിന്‍റെ പ്രതീക്ഷ കൂടിയാണ് ഇത്തവണത്തെ വിശുദ്ധവാരാചരണം മുന്നോട്ടുവയ്‌ക്കുന്നത്. കഴിഞ്ഞ രണ്ട് വർഷവും കൊവിഡ് പ്രതിസന്ധി മൂലം നിയന്ത്രണങ്ങളോടെ ആയിരുന്നു ചടങ്ങുകൾ.
READ MORE: ഇന്ന് ഓശാന ഞായര്‍; ആഘോഷമാക്കി ക്രൈസ്‌തവ വിശ്വാസികള്‍
കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്ന ക്രിസ്‌തുവിനെ ഒലിവിൻ ചില്ലകളേന്തി ആര്‍പ്പുവിളികളോടെ ജനം സ്വീകരിച്ചതിന്‍റെ അനുസ്‌മരണമായാണ് ഓശാന ഞായര്‍ ആഘോഷിക്കുന്നത്. ഇതോടെയാണ് വിശുദ്ധ വാരാചരണം ആരംഭിക്കുന്നത്. അന്ത്യ അത്താഴത്തിന്‍റെ ഓര്‍മയില്‍ വ്യാഴാഴ്‌ച പെസഹാദിനം ആചരിക്കും.
പള്ളികളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും വീടുകളില്‍ പുളിപ്പില്ലാത്ത അപ്പം മുറിക്കലും നടക്കും. കുരിശുമരണത്തിന്‍റെ ഓര്‍മകള്‍ പുതുക്കുന്ന ദുഃഖവെള്ളിയില്‍ പീഡാനുഭവ വായനകളും കുരിശിന്‍റെ വഴിയും പരിഹാര പ്രദക്ഷിണങ്ങളും നടക്കും.
എല്ലാ ക്രൈസ്‌തവ സഭകളിലും കുരുത്തോലയല്ല ഉപയോഗിക്കുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ, യുക്രേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ, യുക്രേനിയന്‍ കത്തോലിക്കാ സഭ തുടങ്ങിയ വിഭാഗങ്ങള്‍ പുസി വില്ലോ എന്ന ചെടിയാണ് ഓശാന ദിവസം ഉപയോഗിക്കുന്നത്. മറ്റ് ചില ഓര്‍ത്തഡോക്‌സ് സഭകളിലാകട്ടെ ഒലിവ് മരച്ചില്ലകളാണ് ഉപയോഗിക്കുക.