കോട്ടയം: ഭക്തസഹസ്രങ്ങൾക്ക് സായൂജ്യമായി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദര്‍ശനം നടന്നു. നിയന്ത്രണങ്ങൾ എല്ലാം ഒഴിവാക്കിയതോടെ പതിനായിരങ്ങൾ ആണ് പൊന്നാന ദർശനത്തിന് എത്തിയത്. ഇന്ന് നടക്കുന്ന ആറാട്ടോടെ പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിനു സമാപനം ആകും. പഞ്ചാക്ഷരി മന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തിയുടെ പാരമ്യത്തിൽ അഘോരമൂര്‍ത്തിയായ ഏറ്റുമാനൂരപ്പന്‍റെ സവിധത്തിൽ ഏഴര പൊന്നാന ദർശനം നടന്നു.
തിരുവുത്സവത്തിന്‍റെ എട്ടാംദിനം അര്‍ധരാത്രിയിലാണ് ചരിത്രപ്രസിദ്ധമായ ഏഴരപൊന്നാന ദര്‍ശനം നടക്കുക. ശ്രീകോവിലില്‍ നിന്നും മഹാദേവനെ ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. മഹാദേവന്‍റെ തിടമ്പിന് ഇരുവശത്തുമായി ഏഴ് വലിയ പൊന്നാനകളെയും തിടമ്പിന് താഴെയായി അരപ്പൊന്നാനയെയും പ്രതിഷ്‌ഠിച്ചതോടെ ആസ്ഥാന മണ്ഡപത്തിന്‍റെ നടതുറന്ന് ദര്‍ശനം ആരംഭിച്ചു.
ഇന്ന് രാത്രി പൂവത്തുംമൂട് കടവിൽ ആറാട്ടോടെ ഉത്സവം സമാപിക്കും. നിയന്ത്രണങ്ങൾ എല്ലാം മാറിയതോടെ പതിനാരങ്ങൾ ആണ് ഏറ്റുമാനൂരപ്പന്‍റെ മണ്ണിലേക്ക് എത്തിയത്. കർശന സുരക്ഷ വലയത്തിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്.