കോട്ടയം: നഗരസഭയുടെ ഒരു പരിപാടിയിലും പി.സി ജോര്‍ജ് എംഎല്‍എയെ പങ്കെടുപ്പിക്കില്ലെന്നും ഇതിന്‍റെ പേരില്‍ എന്തു നടപടിയും നേരിടാന്‍ തയാറാണെന്നും നഗരസഭാ ചെയര്‍മാന്‍ വി.എം സിറാജ്. ലൈഫ് കുടുംബസംഗമത്തില്‍ പങ്കെടുപ്പിക്കാത്തതിനെതിരെ പ്രിവിലേജ് മൂവ് ചെയ്യുമെന്ന പി.സി ജോര്‍ജിന്‍റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു ചെയര്‍മാന്‍.
മുസ്ലീം സമുദായത്തെ ഒന്നടങ്കം ഭിന്നിപ്പിക്കാന്‍ ശ്രമിച്ചയാളാണ് പി.സി ജോര്‍ജ്. എംഎല്‍എയെ മാറ്റിനിര്‍ത്തണമെന്ന് കൗണ്‍സില്‍ ഒന്നടങ്കമാണ് തീരുമാനിച്ചത്. എംഎല്‍എ പങ്കെടുത്താല്‍ ലൈഫ് കുടുംബസംഗമത്തില്‍ കൗണ്‍സിലര്‍മാരും ഗുണഭോക്താക്കളും പങ്കെടുക്കില്ലായിരുന്നു. തനിയ്‌ക്കൊപ്പമുണ്ടെന്ന് പി.സി ജോര്‍ജ് അവകാശപ്പെടുന്ന കൗണ്‍സിലര്‍മാരെല്ലാം ലൈഫ് പദ്ധതി പരിപാടിയുടെ ആദ്യാവസാനം പരിപാടിയില്‍ പങ്കെടുത്തതായും ചെയര്‍മാന്‍ വ്യക്തമാക്കി.
നാട്ടിലെ സംഭവവികാസങ്ങള്‍ അറിയാതെ വാപോയ കോടാലി പോലെ പി.സി ജോര്‍ജ് പ്രതികരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് നിസാര്‍ കുര്‍ബാനിയും പ്രതികരിച്ചു. പുറമ്പോക്കിലാണ് സി.എച്ച് സ്മാരകമെന്നാണ് പി.സി ജോര്‍ജ് ആക്ഷേപിക്കുന്നത്. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ അത് പൊളിച്ചുനീക്കിയതായും നടയ്ക്കലിലാണ് നിലവില്‍ ആ മന്ദിരമെന്നും നേതാക്കള്‍ പറഞ്ഞു.
ലീഗിനെതിരെ പറഞ്ഞ് മറ്റ് സംഘടനകളെ കയ്യിലെടുക്കാൻ എംഎല്‍എ ശ്രമിക്കുന്നുവെന്നാണ് വി.എം സിറാജിന്റെ നിലപാട്. അത് ജനങ്ങള്‍ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും നഗരസഭയും എംഎല്‍എയും തമ്മില്‍ തുടരുന്ന വാഗ്വാദങ്ങളും വിവാദങ്ങളും ഇനിയും തുടരാനാണ് സാധ്യത.