കോട്ടയം: മഹാത്മ ഗാന്ധി സര്‍വ്വകാലാശാലയിലെ പഠന വകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഇനി വിരതുമ്പില്‍ ലഭ്യമാകും. ഇതിനായി 17,824 ടാബുലേഷൻ രജിസ്റ്ററുകളിലെ 12 ലക്ഷത്തിലധികം പേജുകളുടെ ഡിജിറ്റൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ഇതോടെ സര്‍വകലാസാലയില്‍ പഠനം നടത്തിയവരുടെ മാര്‍ക്ക് ലിസ്റ്റ്, ഗ്രേഡ് കാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് സംവിധാനത്തിലൂടെ ലഭിക്കും.
കൂടാതെ പഠിച്ച കോഴ്‌സുകള്‍ തുടങ്ങി വിദ്യാര്‍ഥികളെ കുറിച്ചുള്ള മുഴുവന്‍ വിവരവും ലഭിക്കും. ഇത്തരത്തിലുള്ള സമവിധാനം നിലവില്‍ വന്നതോടെ വിദ്യാര്‍ഥികളുടെ രേഖകളും സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാകുന്നതിലുണ്ടായിരുന്ന കാലതാമസം ഒഴിവാക്കാനും സാധിക്കും. ഡിജിറ്റൈസ് ചെയ്ത വിവരങ്ങൾ വിവിധ കോഴ്‌സുകളുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് ബന്ധപ്പെട്ട സെക്ഷനുകളിൽ ഇതിനകം തന്നെ ലഭ്യമാക്കിയിട്ടുണ്ട്.
ഇതിനായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള ഡിജി-ആർക്കൈവ് എന്ന ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറിൽ വിദ്യാർത്ഥികളുടെ രജിസ്റ്റർ നമ്പർ, പരീക്ഷാകേന്ദ്രം, പഠിച്ച വർഷം, പരീക്ഷ നടന്ന മാസം, സെമസ്റ്റർ/ വർഷം സംബന്ധിച്ച വിവരങ്ങൾ എന്നിവ എളുപ്പത്തില്‍ തന്നെ ലഭിക്കും. മേല്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് സെര്‍ച്ച് ചെയ്‌ത് കഴിയുമ്പോള്‍ അതിനെ കുറിച്ചുള്ള മുഴുവന്‍ വിവിരങ്ങളും ബന്ധപ്പെട്ട സെക്ഷനുകളിൽ ലഭിക്കും.
സംസ്ഥാന സർക്കാരിന്‍റെ വാർഷിക പദ്ധതി വിഹിതത്തിൽ നിന്നുള്ള 1.43 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് ഡിജിറ്റൈസേഷൻ നടപടികൾ ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തീകരിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി എം.ജി സര്‍വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങിയ 80 ലക്ഷം പേരുടെ വിവരങ്ങള്‍ ലഭിക്കും.
രണ്ട് വര്‍ഷം കൊണ്ടാണ് സംഘം ഇത്രയും പേരുടെയും കാര്യവിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്തത്. സംസ്ഥാനത്തെ ആദ്യകാല സർവ്വകാലശാലകളിൽ ഡിജിറ്റൈസേഷൻ നടപടികൾ ആദ്യം പൂർത്തിയാക്കിയ സർവ്വകലാശാല എന്ന ബഹുമതിയും ഇതോടെ മഹാത്മാഗാന്ധി സർവ്വകലാശാല സ്വന്തമാക്കിയിരിക്കുകയാണ്.
ഡിജി-ആർക്കൈവ് എന്ന പുതിയ സംവിധാനത്തിൻറെ ഉദ്ഘാടനം മെയ് ഒൻപതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ ബിന്ദു നിർവഹിക്കും. സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനും പരിപാടിയിൽ പങ്കെടുക്കും.
also read: റാഗിംഗും മര്‍ദനവും ; മലപ്പുറത്ത് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്