കോട്ടയം: താഴത്തങ്ങാടിയിൽ കവർച്ചക്കിടെയുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികത്സയിലായിരുന്നയാളും മരിച്ചു. ഷാനി മൻസിലിൽ മുഹമ്മദ് സാലി ആണ് മരിച്ചത്. ജൂൺ ഒന്നിന് നടന്ന അക്രമത്തിൽ മുഹമ്മദ് സാലിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 40 ദിവസത്തോളം വെൻറിലേറ്ററിന്‍റെ സഹായത്തോടെ ജീവൻ തിരിച്ചു പിടിക്കാൻ ശ്രമിച്ചെങ്കിലും വെള്ളിയാഴ്ച അർധരാത്രിയോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണം സംഭവിക്കുകയായിരുന്നു. മുഹമ്മദ് സാലിയുടെ ഭാര്യാ ഷീബ അക്രമം നടന്ന ദിവസം തന്നെ മരണപ്പെട്ടിരുന്നു.
ജൂൺ ഒന്ന് തിങ്കളാഴ്‌ച രാവിലെ ഒമ്പത് മണിയോടെ താഴത്തങ്ങാടി പറപ്പാടം ക്ഷേത്രത്തിന് സമീപത്തെ വീടിനുള്ളിലാണ് തലക്കടിയേറ്റ നിലയിൽ മുഹമ്മദ് സാലിയെയും ഭാര്യ ഷീബയെയും കണ്ടെത്തുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ കവർച്ചാ ശ്രമത്തിനിടെയാണ് അക്രമം നടന്നതെന്ന് പൊലീസ് കണ്ടെത്തി. ഏതാനം ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതി പറപ്പാടം സ്വദേശിയായ മുഹമ്മദ് ബിലാലിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊലപാതകം, മോഷണം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. മുഹമ്മദ് സാലിയുടെ മരണത്തോടെ കേസ് ഇരട്ട കൊലപാതകമാകും. അതേ സമയം പ്രതിയായ മുഹമ്മദ് ബിലാലിന്‍റെ മാനസികാരോഗ്യനില പരിശോധിച്ച് പ്രതിക്ക് വിചാരണ നേരിടാൻ തക്ക ശേഷിയുണ്ടോയെന്ന് പരിശോധിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് കോടതി.