കോട്ടയം: വിതുര കേസില്‍ ഒന്നാം പ്രതി സുരേഷിന് വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവും 1,50,000 രൂപ പിഴയും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നുള്ളതിനാല്‍ 10 വർഷം കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും. 25 വര്‍ഷത്തിന് ശേഷമാണ് കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിക്കുന്നത്.
മറ്റുള്ളവര്‍ക്ക് കാഴ്ച്ച വച്ച കുറ്റത്തിനു പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും, തട്ടി ക്കൊണ്ട് പോയി തടങ്കലില്‍ പാര്‍പ്പിച്ചതിന് രണ്ടു വര്‍ഷം തടവും അയ്യായിരം രൂപയും, അനാശാസ്യ കേന്ദ്രം നടത്തിയതിനു രണ്ടു വകുപ്പുകളിലായി 12 വര്‍ഷം തടവും ആണ് ശിക്ഷ വിധിച്ചത്.
പിഴ തുക നഷ്ട പരിഹാരമായി പെണ്‍കുട്ടിക്ക് നല്‍കണം. വിധിയില്‍ സന്തോഷമുണ്ടെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ രാജഗോപാൽ പടിപ്പുര പറഞ്ഞു. എന്നാല്‍ പലകാര്യങ്ങളും കോടതി പരിഗണിച്ചില്ലെന്നും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രതിഭാഗം വ്യക്തമാക്കി. സുരേഷിനെതിരെയുള്ള 24 കേസുകളില്‍ ആദ്യത്തെ കേസിലാണ് വിധി പറഞ്ഞത്. ബലാത്സംഗം അടക്കമുള്ള കേസുകളില്‍ വിചാരണ പൂര്‍ത്തിയായിട്ടില്ല.