കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളജിലെ വിദ്യാർഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കോളജ് മാനേജ്മെന്‍റിനെതിരെ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ. മാനേജ്‌മെന്‍റിന്‍റെ കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്‌ച (02.06.2023) രാത്രിയാണ് തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷിനെ കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയിൽ കോളജിലെ അധ്യാപകർക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധം നടത്തുന്നത്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളജിലെ രണ്ടാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർഥിനിയായിരുന്നു ശ്രദ്ധ. ലാബിൽ മൊബൈൽ ഉപയോഗിച്ചതിന് പിന്നാലെ ശ്രദ്ധയുടെ ഫോൺ അധ്യാപകർ പിടിച്ചെടുത്തിരുന്നു.
മൊബൈൽ ഫോൺ തിരികെ നൽകണമെങ്കിൽ മാതാപിതാക്കൾ കോളജിൽ നേരിട്ട് എത്തണമെന്നും പല സെമസ്റ്ററുകളിലായി ശ്രദ്ധയ്ക്ക് വിവിധ വിഷയങ്ങളിൽ മാർക്ക് കുറവാണെന്നും മറ്റും ആരോപിച്ച് അധ്യാപകരും മാനേജ്മെൻ്റും നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായും സഹപാഠികൾ വെളിപ്പെടുത്തി. ഈ സംഭവത്തിന് പിന്നാലെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ശ്രദ്ധ.
അതേസമയം, മകളുടെ മരണത്തിന് പിന്നാലെ സംഭവത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് മാതാപിതാക്കൾ. ശ്രദ്ധയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. വ്യാപക പ്രതിഷേധമാണ് കോളജ് മാനേജ്മെന്‍റിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
എന്നാൽ, സംഭവത്തിൽ യാതൊരു തരത്തിലുള്ള പ്രതികരണവും നടത്താൻ പാടില്ലെന്നാണ് വിദ്യാർഥികൾക്ക് കോളജ് മാനേജ്മെന്‍റ് നൽകിയിരിക്കുന്ന നിർദേശം. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്രദ്ധയുടെ മരണത്തിൽ കുറ്റക്കാരെ എത്രയും വേഗം പിടികൂടണം എന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ വിവിധ വിദ്യാർഥി സംഘടനകൾ കോളജിലേക്ക് പ്രതിഷേധ സമരം നടത്തി.
അതേസമയം, വിദ്യാർഥിനിയുടെ മരണം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി. വിഷയത്തിൽ അന്വേഷണം നടത്തി അടിയന്തിരമായി വിശദ റിപ്പോർട്ട് നൽകണമെന്നാണ് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്‍റെ നിർദേശം. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്കാണ് മന്ത്രി വിശദ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയത്.
'കോളജിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതിൽ താക്കീത്': തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയായ ശ്രദ്ധ സതീഷ് ജൂൺ ഒന്നിനാണ് അവധി കഴിഞ്ഞ് തിരിച്ച് കോളജിൽ എത്തിയത്. കോളജിലെ ലാബിൽ വച്ച് ശ്രദ്ധ മൊബൈൽ ഉപയോഗിച്ചതിനെ തുടർന്ന് എച്ച്ഒഡി അടക്കം ശ്രദ്ധയ്‌ക്ക് താക്കീത് നൽകുകയായിരുന്നു. നേരത്തെ കോളജിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു എന്നതിന്‍റെ പേരിലും ശ്രദ്ധയെ കോളജ് അധികൃതർ താക്കീത് ചെയ്‌തിരുന്നു. തുടരെയുണ്ടായ മാനസിക സമ്മർദം മൂലമാണ് ശ്രദ്ധ ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കളും പറയുന്നത്.
'ഡോക്‌ടറോട് പറഞ്ഞത് തലകറങ്ങി വീണതെന്ന്': വെള്ളിയാഴ്‌ച രാത്രി ശ്രദ്ധയെ ഹോസ്‌പിറ്റലിൽ എത്തിക്കുകയും കോളജ് അധികൃതർ എട്ട് മണിയോടെ വീട്ടുകാരെ വിളിച്ച് ഉടൻ വരണമെന്ന് അറിയിക്കുകയും ചെയ്‌തു. കാഞ്ഞിരപ്പള്ളി പൊലീസാണ് മരണ വിവരം വീട്ടുകാരെ അറിയിച്ചത്. ആശുപത്രിയിലെത്തിച്ച കോളജ് അധികൃതർ വിദ്യാർഥിനി തലകറങ്ങി വീണതാണെന്നാണ് ഡോക്‌ടറോട് പറഞ്ഞത്.
ആത്മഹത്യ ശ്രമമാണെന്ന് പറഞ്ഞിരുന്നെങ്കിൽ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിക്കുമായിരുന്നു. കോളജ് അധികൃതർ കള്ളം പറഞ്ഞതുകൊണ്ടാണ് ശരിയായ ചികിത്സ ലഭിക്കാഞ്ഞതെന്നും ശ്രദ്ധയുടെ ബന്ധുക്കൾ ആരോപിച്ചു. ശ്രദ്ധയുടെ മരണം അന്വേഷിക്കാൻ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.
Also read : മദ്രാസ് ഐഐടിയില്‍ വിദ്യാർഥികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഒരാള്‍ മരിച്ചു