കോട്ടയം: തലയോലപ്പറമ്പിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് കോളജ് വിദ്യാർഥി മരിച്ചു. തലയോലപ്പറമ്പ് ഡിബി കോളജ് വിദ്യാർഥി കാരിക്കോട് ചൂണ്ടക്കാലായിൽ എബിൻ പീറ്ററാണ് (19) മരിച്ചത്. പെരുവ റൂട്ടിൽ കീഴൂർ സായിപ്പ് കവലയ്ക്ക് സമീപം ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 12.30നായിരുന്നു അപകടം.
ഒരേ ദിശയിൽ നിന്നും വരികയായിരുന്ന ടിപ്പറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് ലോറിക്കടിയിൽ വീഴുകയായിരുന്നു. അപകടത്തിൽ എബിൻ പീറ്റർ തൽക്ഷണം മരിച്ചു. ഇയാൾക്കൊപ്പം ബൈക്കിലുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.