കോട്ടയം: പ്രായപൂർത്തിയാകാത്ത കുട്ടികളോ വിദ്യാർഥികളോ ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഡി.ശിൽപ. ജില്ലയിൽ ലൈസൻസോ, മറ്റ് മതിയായ രേഖകളോ ഇല്ലാതെ കുട്ടി ഡ്രൈവർമാർ നിയമവിരുദ്ധമായി മോട്ടോർ വാഹനങ്ങളിൽ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ച് അപകടങ്ങൾ ഉണ്ടാക്കുന്ന പ്രവണത സമീപ കാലത്ത് വർധിച്ചുകാണുന്ന സാഹചര്യത്തിലാണ് നിർദേശം.
ഇതുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ പൊലീസ് കർശനമായ വാഹന പരിശോധന നടത്തുന്നതിന് തീരുമാനിച്ചു. പരിശോധനയിൽ നിയമവിരുദ്ധമായി കുട്ടികൾ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ വാഹനത്തിന്‍റെ രജിസ്ട്രേർഡ് ഉടമയിൽ നിന്നും 25,000/- പിഴയോ, മൂന്ന് മാസം തടവുശിക്ഷയോ അല്ലെങ്കിൽ ഇവ രണ്ടും ഒന്നിച്ചോ ഉറപ്പാക്കുന്ന തരത്തിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. കൂടാതെ നിയമവിരുദ്ധമായി വാഹനം ഓടിക്കുന്ന കുട്ടികൾക്ക് 25 വയസ് വരെ ഡ്രൈവിങ് ലൈസൻസ് അനുവദിക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ALSO READ: വായ്‌പ പാസാക്കാന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു ; പി.എഫ് ഉദ്യോഗസ്ഥൻ പിടിയില്‍
ഇത്തരം നിയമവിരുദ്ധ സംഭവങ്ങളിൽ കുട്ടികൾക്കെതിരെ ജുവനൈൽ കോടതി മുമ്പാകെ കേസ് നിലനിൽക്കുന്നതുമാണ്. ഇത് സംബന്ധിച്ച് കുട്ടികൾക്കിടയിലും മാതാപിതാക്കൾക്കിടയിലും ആവശ്യമായ ബോധവൽക്കരണം നടത്തുന്നതിനും, ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ വിവരം അറിയിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിനും ജില്ലയിലെ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങളിലെയും മേധാവിമാർക്ക് അടിയന്തിരമായി നോട്ടീസ് നൽകാൻ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ബ്ബ് ഡിവിഷൻ മേധാവിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
കൂടാതെ സ്റ്റേഷൻ അതിർത്തികളിൽ വാഹന പരിശോധന നടത്തി വാഹനങ്ങളുടെ അമിതവേഗം, രൂപമാറ്റം, സ്റ്റണ്ടിങ് തുടങ്ങിയ മോട്ടോർ വാഹന നിയമലംഘനങ്ങൾ കണ്ടെത്തി കർശനമായ നടപടികൾ സ്വീകരിക്കുന്നതിനും അധികൃതർക്ക് നിർദേശമുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവണതകൾ തങ്ങളുടെ കുട്ടികൾ ചെയ്യുന്നില്ലായെന്ന് എല്ലാ മാതാപിതാക്കളും ഉറപ്പ് വരുത്തണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളോ വിദ്യാർഥികളോ ലൈസൻസില്ലാതെ പൊതു നിരത്തുകളിലൂടെ വാഹനം ഓടിക്കുന്നത് കോളജ്/സ്‌കൂൾ മേധാവിമാരും അധ്യാപകരും മറ്റും കർശനമായി നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.