കോട്ടയം: പ്ലാസ്റ്റിക്കിനെതിരെ കേരളം കൈക്കോർക്കുമ്പോൾ പാള കൊണ്ട് ഉത്പന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കുകയാണ് പാലാ കുടക്കച്ചിറ സ്വദേശി സ്റ്റീഫൻ. 16 വര്‍ഷം നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയ സ്റ്റീഫന്‍ സ്വയം തൊഴില്‍ ഏതെന്ന ചിന്തയ്‌ക്കൊടുവിലാണ് കമുകിന്‍പാളയിലെ വിപണി സാധ്യത കണ്ടെത്തിയത്. പ്ലാസ്റ്റിക് നിരോധന പ്രഖ്യാപനത്തോടെയാണ് പുതിയ ആശയത്തെപ്പറ്റി കൂടുതല്‍ ഗൗരവമായി സ്റ്റീഫൻ ചിന്തിച്ച് തുടങ്ങിയത്.
വീടിനോട് ചേര്‍ന്ന് നിര്‍മിച്ച കെട്ടിടത്തിലാണ് ബിസിനസ് ആരംഭിച്ചത്. ഐസ്‌ക്രീം കപ്പ് മുതല്‍ പല വലിപ്പത്തിലുള്ള പാത്രങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. സ്റ്റീഫനും ഭാര്യയും ചേര്‍ന്നാണ് ആദ്യം പാത്രങ്ങള്‍ നിര്‍മിച്ചത്. ഇപ്പോള്‍ ആവശ്യക്കാരേറിയതോടെ രണ്ട് ജോലിക്കാരെ നിയമിച്ചു. പാള കഴുകി വൃത്തിയാക്കി പ്രസില്‍ അമര്‍ത്തിയാണ് പാത്രങ്ങള്‍ നിര്‍മിക്കുന്നത്. പ്രാദേശികമായി ലഭിക്കുന്ന പാള അളവ് പോരാതെ വന്നതോടെ ബംഗളൂരുവില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണിപ്പോള്‍. മൂന്ന് രൂപ കൊടുത്ത് വാങ്ങുന്ന പാള നാട്ടിലെത്തിക്കുമ്പോള്‍ ചരക്കു കൂലിയിനത്തില്‍ നല്ലൊരു തുക ചെലവാകും. നാട്ടില്‍ പാള ലഭിച്ചാല്‍ ഇതേ തുകയ്ക്ക് എടുക്കാന്‍ സ്റ്റീഫന്‍ തയാറാണെങ്കിലും ആവശ്യത്തിന് കിട്ടാനില്ലെന്നതാണ് അവസ്ഥ. ഐസ്‌ക്രീം ബൗൾ, സ്‌പൂണ്‍, മൂന്ന് അളവിലുള്ള പാത്രങ്ങള്‍ എന്നിവ സ്റ്റീഫന്‍ നിര്‍മിച്ച് നല്‍കുന്നു. പ്രകൃതിയോട് ഇണങ്ങിയ പാള ഉല്പന്നം കൂടുതല്‍ ജനകീയമാകുമെന്ന പ്രതീക്ഷയിലാണ് സ്റ്റീഫനും ഭാര്യയും.