കോട്ടയം : ട്രാവൻകൂർ സിമന്‍റ്‌സ് നേരിടുന്ന പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ അടിയന്തര ധനസഹായം നൽകും. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി.രാജീവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കമ്പനിയുടെ വിവിധ ബാധ്യതകളും നഷ്‌ടവും നികത്തുന്നതിന് ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ട്രാവൻകൂർ സിമന്‍റ്‌സിന്‍റെ പ്രവർത്തന മൂലധന പ്രതിസന്ധി മറികടക്കാൻ സർക്കാർ നടപടി സ്വീകരിക്കും. കമ്പനിക്ക് 2010 മുതലുള്ള പാട്ട കുടിശ്ശിക തീർക്കുന്നതിന് വ്യവസായ, റവന്യൂ മന്ത്രി തല യോഗം ചേരും. കമ്പനിയുടെ ബാധ്യത തീർക്കുന്നതിനായി കാക്കനാട് ഉള്ള സ്ഥലം വിൽപന നടത്തുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും.
ALSO READ: സാമ്പത്തിക ബാധ്യത, അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ട്രാവന്‍കൂര്‍ സിമന്‍റ്‌സ്
കമ്പനി ഡയറക്ടർ ബോർഡിൽ പ്രൊഫഷണലുകളെ ഉൾപ്പെടുത്തും. കമ്പനിയുടെ പ്രധാന ഉത്പന്നമായ വൈറ്റ് സിമന്‍റ്‌സ് ഉത്പാദനം വർധിപ്പിക്കാനും തീരുമാനിച്ചു. ഉന്നതതല യോഗത്തില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ട്രാവൻകൂർ സിമന്‍റ്‌സ് ചെയർമാൻ ബാബു ജോസഫ്, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.