കോട്ടയം: ആറൻമുളയപ്പന് തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങള്‍ ശേഖരിക്കാന്‍ തിരുവോണത്തോണി നീറ്റിലിറക്കി. കോട്ടയം കുമാരനല്ലൂർ മങ്ങാട്ടില്ലത്തെ ബാബു ഭട്ടതിരിയാണ് തോണി യാത്ര നടത്തുന്നത്. ബുധനാഴ്ച്ച രാവിലെ 11:30 ന് കുമാരനല്ലൂരിലെ മങ്ങാട്ടില്ലത്തെ കടവിൽ നിന്നാണ് ഭട്ടതിരി തിരിച്ചത്.
മീനച്ചിലാറും വേമ്പനാട് കായലും കടന്ന് തോണി ഉത്രാടനാളിൽ കാട്ടൂര്‍ മഠത്തിലെത്തും. അവിടെനിന്നും ആറന്മുളയപ്പന് തിരുവോണ സദ്യയ്ക്കുള്ള സാധനങ്ങളും മറ്റും സ്വീകരിക്കും. തുടര്‍ന്ന് 20-ാം തിയ്യതി കാട്ടൂർ ക്ഷേത്രക്കടവിൽ നിന്നും സദ്യയ്ക്കുള്ള വിഭവങ്ങളുമായി തോണി ആറന്മുളയിലേക്ക് പോവും. നൂറ്റാണ്ടുകളായി നടന്നു വരുന്ന ആചാരത്തിന്‍റെ ഭാഗമായാണ് യാത്ര.
ആറൻമുള ക്ഷേത്രക്കടവില്‍ എത്തുന്ന തിരുവോണത്തോണിയെയും മങ്ങാട്ട് ഭട്ടതിരിയെയും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളേൽപ്പിച്ച് ഭട്ടതിരി മടങ്ങുന്നതാണ് ചടങ്ങ്.