കോട്ടയം: ജില്ലയിലെ വാതിൽ ഘടിപ്പിക്കാത്ത ബസുകൾക്കെതിരെയും വേണ്ടത്ര സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും സർവീസ് നടത്തുന്ന ബസുകൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിൽ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ ജില്ലയിലെ 13,000ഓളം ബസുകൾ പരിശോധിച്ചതിൽ നിന്ന് 22 ബസുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് നിയമനടപടി സ്വീകരിച്ചു. 103 ഓളം പെറ്റി കേസുകള്‍ ചാര്‍ജ് ചെയ്‌തു. 27,500ഓളം രൂപ പിഴ ചുമത്തി.
ജില്ലയിലെ ഡിവൈഎസ്‌പിമാര്‍, സ്റ്റേഷൻ എസ്എച്ച്ഒമാര്‍ തുടങ്ങിയവരെ ഉൾക്കൊള്ളിച്ചായിരുന്നു ജില്ലയിൽ കർശനമായ പരിശോധന നടത്തിയത്. വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെ തുടർന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.