കോട്ടയം: കാഴ്‌ചക്കാര്‍ക്ക് കൗതുകമായി നാട്ടിന്‍പുറങ്ങളിലെ തൊടികളില്‍ പീതവര്‍ണം വിതറി കമ്മല്‍ പൂക്കള്‍. പള്ളിക്കത്തോടിലെ കയ്യൂരിലാണ് കണ്ണിന് കുളിര്‍മയേകുന്ന കമ്മല്‍ ചെടികള്‍ പൂത്തുലഞ്ഞത്. ഓണക്കാലത്ത് പൂവിട്ട് തുടങ്ങുന്ന ഈ ചെടികള്‍ മൂന്ന് മാസമാണ് തൊടികളെ മനോഹരമാക്കുന്നത്.
സൂര്യകാന്തിയുടെ വംശത്തില്‍പ്പെട്ട ഈ ചെടിയിലെ പൂക്കള്‍ക്ക് കമ്മലിന്‍റെ ആകൃതിയാണ്. അതുകൊണ്ട് തന്നെയാണ് ഇവ നാട്ടിന്‍പുറങ്ങളില്‍ കമ്മല്‍ ചെടിയെന്ന് അറിയപ്പെടുന്നതും. ഇതിന് പുറമെ ഇവയ്‌ക്ക് അമ്മിണിപ്പൂവ്, തീരകാന്തി, മുറ്റത്തെ റാണി എന്നിങ്ങനെയും വിളിപേരുകളുണ്ട്.
മെക്‌സിക്കോ, കരീബീയന്‍ ദ്വീപുകള്‍ ഉള്‍പ്പെട്ട മധ്യ അമേരിക്കന്‍ ചെടിയാണിത്. പലയിടങ്ങളിലും ഇതിനെ അലങ്കാര ചെടികളായും ഉപയോഗിക്കുന്നവരുണ്ട്. ഇവയ്ക്ക് വളരാനായി പ്രത്യേക പരിചരണമൊന്നും ആവശ്യമില്ല.
വള്ളി ചെടിയായത് കൊണ്ട് തന്നെ ഇത് വളരെ വേഗത്തില്‍ മറ്റ് സ്ഥലങ്ങളിലേയ്ക്കും വ്യാപിക്കും. വേനല്‍ക്കാലത്ത് മണ്ണിന്‍റെ നനവ് നഷ്‌ടപ്പെടാതെ ഇരിക്കാന്‍ പ്രകൃതി ഒരുക്കിയ കവചമാണ് ഈ ചെടികളെന്ന് പറയാം.
കിലോമീറ്റര്‍ കണക്കിന് സ്ഥലത്തേയ്ക്ക് വ്യാപിക്കുന്ന ഇവ ഓണക്കാലം തൊട്ട് തൊടികളെ പൂങ്കാവനമാക്കും. മൂന്ന് മാസങ്ങള്‍ ശേഷം കമ്മല്‍ ചെടി പതിയെ പൂക്കള്‍ പൊഴിക്കും. വീണ്ടും തൊടികളെ സുന്ദരമാക്കാനായി പിന്നെ അടുത്ത ഓണക്കാലം വരെ കാത്തിരിക്കണം.