കോട്ടയം: തിരുവാർപ്പ് മാർത്തശ്ശമുനി പള്ളി പിടിച്ചെടുത്തതിന് പിന്നാലെ സത്യഗ്രഹ സമരവുമായി യാക്കോബായ ബിഷപ്പ്. യാക്കോബായ സഭാ മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്‌സാന്ത്രിയോസ് ആണ് സത്യഗ്രഹവുമായി രംഗത്തെത്തിയത്. കഴിഞ്ഞ എട്ട് വർഷമായി മാർത്തശ്ശമുനി പള്ളിയോടു ചേർന്നുള്ള അരമനയിലായിരുന്നു ബിഷപ്പ് താമസിച്ചിരുന്നത്. പള്ളിയും അനുബന്ധ സ്ഥാപനങ്ങളും പിടിച്ചെടുത്തതോടെ ബിഷപ്പും പുറത്താക്കപ്പെട്ടു. പിടിച്ചെടുത്ത പള്ളിയും അരമനയും വിട്ടുനൽകണമെന്നാശ്യപ്പെട്ടാണ് മാർത്തശ്ശമുനി പള്ളിക്ക് മുന്നിൽ തോമസ് മാർ അലക്‌സാന്ത്രിയോസ് സത്യഗ്രഹമിരിക്കുന്നത്. പള്ളികൾ സംരംക്ഷിക്കുന്നതിനുമായി സർക്കാർ നിയമനിർമാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
അതേസമയം മാർത്തശ്ശമുനി പള്ളിയിലാരംഭിക്കുന്ന സത്യഗ്രഹ സമരം ഒരു സൂചന മാത്രമാണെന്നും പിടിച്ചെടുക്കപ്പെട്ട പള്ളികളിലേക്കും പിടിച്ചെടുക്കാൻ സാധ്യതയുള്ള പള്ളികളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും തീരുമാനമുണ്ടാകാത്ത പക്ഷം സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി എത്തുമെന്നും യാക്കോബായ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കുറിലോസ് സമരം ഉദ്ഘാടനം ചെയ്‌ത് പറഞ്ഞു.
യാക്കോബായ സുനഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ് അധ്യക്ഷനായ സമരവേദിയിൽ വിശ്വാസികളും അണിനിരന്നു. സത്യഗ്രഹ സമരത്തിലൂടെ മുന്നോട്ടുവച്ച ആവശ്യത്തിൽ നടപടിയുണ്ടാകും വരെ പ്രതിഷേധം തുടരാനാണ് സഭാ നേതൃത്വത്തിൻ്റെ തീരുമാനം.