കോട്ടയം : കോട്ടയം കടുവാക്കുളം പൂവൻതുരുത്ത് ഫാക്‌ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിച്ച് കൊലപ്പെടുത്തി. വ്യവസായ മേഖലയിലെ ഫാക്‌ടറിയിലേയ്ക്കു കടക്കാൻ ശ്രമിച്ചത് തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്ന് പുലർച്ചയാണ് സെക്യൂരിറ്റി ജീവനക്കാരൻ ളാക്കാട്ടൂർ സ്വദേശി ജോസിനെ (57) ഇതര സംസ്ഥാന തൊഴിലാളി കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ അസമിലെ മൊഹേമാരി സ്വദേശിയായ മനോജ് ബൗർവയാണ് പിടിയിലായത്. അക്രമത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പൂവൻതുരുത്ത് വ്യവസായ മേഖലയിലെ ഹെവിയ റബർ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ജോസ്. ഇവിടെയെത്തിയ ഇതര സംസ്ഥാന തൊഴിലാളി കമ്പനിയ്ക്കുള്ളിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, മറ്റൊരു കമ്പനിയിലെ ജീവനക്കാരനായ ഇയാളെ ഈ കമ്പനിയ്ക്കുള്ളിൽ കയറുന്നത് ജോസ് തടഞ്ഞു.
ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ കയ്യിൽ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ച് പ്രതി ജോസിന്‍റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നെന്നാണ് വിവരം. ആക്രമണത്തിൽ തലയിൽ ഗുരുതരമായി പരിക്കേറ്റ ജോസ് സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. കൊലപാതകത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സംശയം തോന്നി നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു. തുടർന്ന് ഈസ്റ്റ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവാവിന്‍റെ അടിയേറ്റ് മധ്യവയസ്‌കയ്‌ക്ക് ദാരുണാന്ത്യം: കോട്ടയം ജില്ലയിലെ പാലാ തലപ്പലം അമ്പാറയിൽ ഒപ്പം താമസിച്ചിരുന്ന യുവാവിന്‍റെ അടിയേറ്റ് മധ്യവയസ്‌ക കൊല്ലപ്പെട്ടു. 48 കാരിയായ ഭാര്‍ഗവിയാണ് കൊല്ലപ്പെട്ടിരുന്നത്. കൊലപാതകം നടത്തിയ കൊച്ചുപുരക്കൽ ബിജു മോനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജൂണ്‍ 10 പുലര്‍ച്ചെയാണ് സംഭവം. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.
രണ്ട് വര്‍ഷമായി ഇരുവരും ബിജു മോന്‍റെ വീട്ടില്‍ ഒരുമിച്ചായിരുന്നു താമസം. സംഭവ ദിവസം താമസ സ്ഥലത്ത് ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയും തര്‍ക്കമുണ്ടാകുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ബിജു പാര ഉപയോഗിച്ച് ഭാര്‍ഗവിയെ ആക്രമിച്ചത്. സംഭവത്തിന് ശേഷം ബിജു സ്റ്റേഷനില്‍ നേരിട്ടെത്തി കൊലപാതക വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ബിജുവിൻ്റെ അമ്മയും ഇവർക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. കൊലപാതകത്തിലേക്ക് നയിച്ച തർക്കം നടന്ന ദിവസം അമ്മ ബന്ധുവീട്ടിൽ പോയതായിരുന്നുവെന്നും പൊലീസ് അറിയിച്ചു.