കോട്ടയം: കുറിച്ചി ശങ്കരപുരം റെയിൽവേ മേൽപാലത്തിൻെറ പണി പൂർത്തിയായിട്ടും അപ്രോച്ച് റോഡ് ടാർ ചെയ്യാത്തതിനാൽ യാത്രക്കാർ ദുരിതത്തിൽ. മൂന്ന് മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച പാലം നാളുകൾ എടുത്താണ് പൂർത്തിയാക്കിയത്. എന്നാൽ ഏഴുമാസം പിന്നിട്ടിട്ടും അപ്രോച്ച് റോഡ് നിർമാണം പൂർത്തിയായില്ല.
Also Read:രാജകുമാരിയിൽ മരം വീണ് രണ്ട് വീടുകൾ തകർന്നു
ടാറിങ്ങിനായി റോഡിൽ മെറ്റൽ നിരത്തിയതാണ്. എന്നാൽ മെറ്റൽ ഉറയ്ക്കണമെന്ന് പറഞ്ഞ് നിർത്തിവെച്ച പണി മാസങ്ങളായിട്ടും പുനരാരംഭിക്കാൻ കഴിഞ്ഞില്ല. താത്‌കാലികമായി ചെറിയ വാഹനങ്ങളെ മാത്രമാണ് ഇതുവഴി കടത്തി വിടുന്നത്. മഴക്കാലമായതോടെ അപ്രോച്ച് റോഡിൽ ഇരുചക്ര വാഹനങ്ങളും കാൽനട യാത്രക്കാരും തെന്നിവീഴുന്നത് പതിവാണ്. പാലം പണി പൂർത്തിയാകാത്തതുമൂലം ഇതുവഴിയുള്ള ബസ് യാത്രയും പുനരാരംഭിച്ചിട്ടില്ല.
കുറിച്ചി ഗ്രാമ പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, മൃഗാശുപത്രി, ആയുർവേദ ആശുപത്രി, കൃഷിഭവൻ, പോസ്റ്റ്ഓഫിസ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡാണിത്. രണ്ടുദിവസം മാത്രം നീളുന്ന പണികൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് നാട്ടുകാർ പറയുന്നു. കരാർ എടുത്തവരുടെ അനാസ്ഥയാണ് നിർമാണം വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. വിഷയത്തിൽ നാട്ടുകാർ ചേർന്ന് രൂപം കൊടുത്ത ആക്ഷൻ കൗൺസിൽ ശക്തമായ ഇടപെടലുകൾ നടത്തുന്നുണ്ട്.