കോട്ടയം: പ്രതിദിനം ആയിരം ഭക്തർക്ക് മാത്രം ശബരിമല ദർശനം എന്ന് നിജപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ നായർ സർവീസ് സൊസൈറ്റി. നിയന്ത്രണം അനാവശ്യമാണെന്നായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രതികരണം.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഉണ്ടങ്കിൽ മാത്രമേ ശബരിമല ദർശനം അനുവദിക്കുകയുള്ളു എന്ന് സർക്കാർ എടുത്തു പറയുന്നുണ്ട്, അങ്ങനെയെങ്കിൽ കൊവിഡ് നെഗറ്റീവ് അയിട്ടുള്ള ഭക്തർക്കെല്ലാം ശബരിമലയിൽ ദർശനം നടത്താൻ കഴിയില്ലേയെന്നും പിന്നെന്തിനാണ് പ്രതിദിനം 1000 പേരെന്ന നിയന്ത്രണമെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ ഇപ്പോൾ എടുത്തിരിക്കുന്ന നിലപാട് ശരിയല്ലെന്ന് വ്യക്തമാക്കിയ സുകുമാരൻ നായർ നെയ്യഭിഷേകം ഉൾപ്പെടെയുള്ള വഴിപാടുകൾ തടയുന്നത് ഭക്തരോടുള്ള വിവേചനമാണന്നും കുറ്റപ്പെടുത്തി.
നെയ്യഭിഷേകം നടത്തിയില്ലങ്കിൽ ഭക്തന് തീർഥാടനം പൂർത്തിയായതായി കരുതാനാവില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവതി പ്രവേശനത്തിന്‍റെ പേരിൽ അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവന്ന സർക്കാർ മുൻ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനം താറുമാറാക്കി കോടിക്കണക്കിന് രൂപയുടെ നഷ്‌ടമാണ് ദേവസ്വം ബോർഡിന് വരുത്തിവച്ചതെന്നും പത്രക്കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.