കോട്ടയം : കനത്ത മഴയിലും ഉരുൾപ്പൊട്ടലിലും നാശനഷ്ടങ്ങൾ നേരിട്ട വ്യാപാരികൾക്ക് സർക്കാർ അടിയന്തര സഹായം നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കോട്ടയം ജില്ലയില്‍ ഏകദേശം 70 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായി വ്യാപാരികൾ പറയുന്നു.
സ്ഥാപനങ്ങളും ഗോഡൗണുകളും വെള്ളത്തിനടിയിലായി. പല സ്ഥലങ്ങളിലെയും കച്ചവട സ്ഥാപനങ്ങൾ വെള്ളപ്പൊക്കത്തിൽ പൂർണമായി ഇടിഞ്ഞുപോവുകയും ഒലിച്ചുപോകുകയും ചെയ്‌തതിന്‍റെ അടിസ്ഥാനത്തിലാണ് നഷ്‌ടം നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിൽ നഷ്‌ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് വ്യാപാരസ്ഥാപനങ്ങളുടെ ഉടമകള്‍ പറയുന്നു.
'ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെടണം'
ജില്ലയിലെ കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട്, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി, വാളക്കയം, പാറത്തോട്, മണിമല, കുറുവാമൂഴി, തെക്കേത്തുകവല മുക്കൂട്ടുതറ, ആനക്കല്ല്, മൂന്നിലവ്, തീക്കോയി, പൂഞ്ഞാർ, ഈരാറ്റുപേട്ട എന്നീ യൂണിറ്റുകളിലെ കച്ചവട സ്ഥാപനങ്ങളിലെ ഉത്‌പന്നങ്ങൾ പൂർണമായി നശിച്ചു.
ALSO READ: മഴക്കെടുതിയില്‍ മരണം 33 ; വിവിധ ജില്ലകളിലായി 11 ദുരന്തനിവാരണ സേനകള്‍
വ്യാപാരികൾക്കുണ്ടായ നഷ്‌ടം റവന്യൂ വകുപ്പ് രേഖപ്പെടുത്തുകയും, ഗവൺമെന്‍റ് ഉടൻ സഹായം എത്തിക്കുകയും നഷ്‌ടപ്പെട്ട തുക വ്യാപാരികൾക്ക് എത്രയും വേഗം നൽകുന്നതിനുളള നടപടികൾ സ്വീകരിക്കുകയും വേണം.
ഇതിനുവേണ്ട നടപടികൾ മന്ത്രിമാരുടേയും എം.എൽ.എമാരുടേയും, രാഷ്ട്രീയപാർട്ടി നേതാക്കളുടേയും, ഗവൺമെന്‍റ് ജീവനക്കാരുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നും വ്യാപാരികൾ അഭ്യര്‍ഥിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ, ട്രഷറർ പി.സി അബ്‌ദുള്‍ ലത്തീഫ്, ജില്ല വൈസ് പ്രസിഡന്‍റ് വി.എ മുജീബ് റഹ്മാൻ, സെക്രട്ടറിമാരായ കെ.ജെ മാത്യു, വി.സി ജോസഫ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.