കോട്ടയം: സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ല പഞ്ചായത്ത് ഭരണസമിതിക്കെതിരെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടതിന്‍റെ പേരിലാണ് തങ്ങള്‍ക്കെതിരെ ഭരണസമിതി ആരോപണം ഉന്നയിച്ചതെന്ന് യുഡിഎഫ് നേതാക്കള്‍. 2020 ഡിസംബറിലാണ് ഇപ്പോഴത്തെ ഭരണസമിതി അധികാരത്തിൽ വന്നത് എന്ന് പറയുന്ന ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് തനിക്ക് ഇതിൽ ഒരു പങ്കുമില്ല എന്ന് പറയുന്നത് പച്ചകള്ളമാണ്. ഓഡിറ്റ് റിപ്പോർട്ടിൽ രേഖാമൂലം തെളിയിക്കപ്പെട്ടിരിക്കുന്ന അഴിമതിയിൽ നിന്നും ശ്രദ്ധ തിരിച്ച് വിടാനാണ് ഇതെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
ഈ സാഹചര്യത്തിൽ ബില്ലിൽ ഒപ്പിട്ട പ്രസിഡന്‍റ് താനൊന്നും അറിഞ്ഞില്ല എന്ന് പറയുന്നത് ആടിനെ പട്ടിയാക്കുന്നതു പോലെയാണ്. ജില്ല പഞ്ചായത്ത് പറയുന്ന പ്രകാരം അന്ന് പ്രസിഡന്‍റായിരുന്ന നിലവില്‍ പൂഞ്ഞാർ എംഎല്‍എ ആയ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ മാത്രം പ്രതിസ്ഥാനത്ത് നിർത്തി തടി തപ്പാനുള്ള നീക്കം അനുവദിക്കില്ല.
നിർമാണം പൂർത്തീകരിക്കാത്ത ജോലികള്‍ക്ക് പോലും ബില്ലുകൾ മാറിയിട്ടുണ്ട് എന്ന് പറഞ്ഞിരിക്കുന്നത് തങ്ങള്‍ അല്ല. മറിച്ച് സംസ്ഥാന ഓഡിറ്റ് വിഭാഗമാണ്. അതിനു മറുപടിയാതെ പ്രസിഡന്‍റും ഭരണസമിതിയും തടി തപ്പാൻ വിഫലശ്രമം നടത്തുകയാണ്. ഈ അഴിമതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് തങ്ങള്‍ വിജിലൻസിന് പരാതി നൽകുമെന്നും യുഡിഎഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിലും, കൺവീനർ ഫിൽസൺ മാത്യൂസും വാര്‍ത്ത സമ്മേളനത്തിൽ പറഞ്ഞു.